\r\n\r\n\r\n\r\nആർക്കും മനസ്സിലാക്കാൻ കഴിയുന്ന ഹൃദയത്തിൽ തൊടുന്ന ഭാഷയിലുള്ള വീരാൻകുട്ടി സാറിൻ്റെ ചെറിയ ചെറിയ കവിതകൾ എന്നെയെപ്പൊഴും ഭ്രമിപ്പിക്കുന്നവയാണ്. വൈകാരികതയിലേയ്ക്ക്, യാഥാർഥ്യത്തിലേക്ക് ഏറെയാഴത്തിൽ വേരോടിയിരിക്കുന്ന കവിതകളാണവ. ചുരുങ്ങിയ വാക്കുകൾകൊണ്ട് വ്യത്യസ്തമായ ആശയങ്ങളിൽ ജീവിതം കോറിയിട്ടതാണ് അതിന് കാരണം. യാന്ത്രികമായ ഒരു വരിപോലുമില്ല എന്നത്കൊണ്ടാകണം ആ കവിതകൾ എന്റെ മനസ്സിൽ വായനയ്ക്ക് ശേഷവും ജീവിച്ചിരിക്കുന്നത്. \r\n\r\nഅനാവശ്യമായ വർണ്ണനകളോ ഏച്ചുകെട്ടലുകളോ ഇല്ലാതെ ആശയങ്ങളെ വായനക്കാരുടെ മനസ്സിലേയ്ക്ക് ഇൻജെക്ട് ചെയ്യുന്ന മാസ്മരികത ഒരു കവിതയുടെ ആദ്യം മുതൽ അവസാനം വരെയും നിലനിർത്തുവാൻ കഴിയുന്നത് അദേഹത്തിന്റെ മാത്രം ശൈലിയുടെ പ്രത്യേകതയാണ്. \r\n\r\n\'The trees that we planted Far apart from each other Worried that their leaves would touch, Their roots are embracing ardently under the earth\' \r\n\r\nഎപ്പോഴോ വായിച്ച ഈ വാചകം എന്നെ വാക്കുകളുടെ ആശ്ലേഷത്തിൽ അന്നേ ചേർത്തുകെട്ടിയിരുന്നു.മുൻപ് \'ആശ്ലേഷം \'എന്ന കവിത വായിക്കുമ്പോൾ ഒരിക്കൽപോലും ആ ആംഗലേയ വാചകം ഓർമ്മയിലെത്തിയില്ല. എന്നാൽ സന്ദർഭവശാൽ ഈയടുത്താണ് ഞാൻ മനസ്സിലാക്കുന്നത് വീരാൻകുട്ടിസാറിന്റെ ആശ്ലേഷം എന്ന കവിതയുടെ പരിഭാഷയാണ് അതെന്ന്, ‘ദ ഹെവിനെസ‌് ഓഫ‌് ദ റെയിൻ’എന്ന പുസ‌്തകത്തിലേതാണ് അതെന്ന്, !മിനിസ്‌തി എസ‌് ആണ‌് പരിഭാഷക.അത്രയേറെ ആംഗലേയകവിതപോലും എന്നെ സ്വാധീനിച്ചുവെങ്കിൽ മലയാളത്തിലെ ആ വരികൾ എത്രയേറെ ഉള്ളംതൊട്ടു എന്നത് അവാച്യമാണ്. \r\n\r\nഭൂമിക്കടിയിൽ \r\nവേരുകൾ കൊണ്ട് \r\nകെട്ടിപ്പിടിക്കുന്നു, \r\nഇലകൾ തമ്മിൽ \r\nതൊടുമെന്നു പേടിച്ച് \r\nനാം \r\nഅകറ്റിനട്ട മരങ്ങൾ !\r\n\r\nവായനയ്ക്ക് പോലും എത്ര മനോഹരമാണ് !പരിചിതമായ വാക്കുകൾകൊണ്ട് ആ കവിത നമ്മിൽ എത്രയെത്ര ചിന്തകളാണ് രൂപപ്പെടുത്തുന്നത്. !വായനയ്ക്ക് സമയം വളരെ കുറവ് മതിയെങ്കിലും അടുത്ത കവിതയിലേക്ക് ഊളിയിടും മുൻപ് വായനക്കാരുടെ ചിന്തകളെ ഏറെദൂരം സഞ്ചരിപ്പിക്കും എന്നത് തീർച്ചയാണ്. അത്രയും വിദൂരമാണ് അതിൽ കോർത്തുവെച്ചിരിക്കുന്ന അദൃശ്യമായ ചിന്തകൾ. ഈയൊരു ചെറുകവിതയുടെ വരികൾക്കപ്പുറം എത്രയെത്ര അർത്ഥങ്ങളാണ്.....! അതിൽ അത്രമേൽ പ്രതീക്ഷയുണ്ട്, ഭീതിയുണ്ട്, സ്നേഹമുണ്ട്, പ്രണയമുണ്ട്, മതത്തിന്റെ പേരിൽ, വർണ്ണത്തിന്റെപേരിൽ, സമ്പത്തിന്റെപേരിൽ, ന്യൂനതകളുടെ പേരിൽ, പദവിയുടെപേരിൽ നാം മാറ്റിനിർത്തുന്നവരൊക്കെയും മണ്ണിനടിയിലെങ്കിലും ഒന്നിക്കേണ്ടവരാണ് എന്ന നിത്യസത്യത്തെയും കവി നമ്മിലേക്ക് ആഴത്തിൽ പതിപ്പിക്കുന്നുണ്ട്. \r\n\r\n\'മുറിവേറ്റെങ്കിലെന്ത് \r\nനിന്റെ ചുണ്ടുകൾക്കൊപ്പം \r\nതാമസിക്കാനായില്ലേ? \r\nപുല്ലാങ്കുഴൽ പാടുന്നു \'\r\n\r\nറൂമിയ്ക്ക് എന്ന കുഞ്ഞുകവിതയിൽ വേദനകൾക്കവസാനം നമ്മെ കാത്തിരിക്കുന്നത് നാമേറെ ഇഷ്ടപ്പെടുന്നത് തന്നെയാണെന്ന് എത്രമനോഹരമായാണ് കവി പറഞ്ഞുവെയ്ക്കുന്നത്.! പ്രതീക്ഷയായ് ആത്മവിശ്വാസമായ് ആ വരികളിലൂടെ വായനക്കാരന്റെ മനസ്സിലേയ്ക്ക് നനുത്ത വിരൽസ്പർശമാകുന്നത് !\r\n\r\nഈ പുസ്തകത്തിൽ സ്റ്റഡി ലീവ് എന്നൊരു കവിതയുണ്ട്. എങ്ങനെവേണമെങ്കിലും വായനക്കാരന്റെ അഭിരുചിക്കനുസരിച്ച് അതിന്റെ ആന്തരാർത്ഥങ്ങൾക്ക് പല മാനവും കൊടുക്കാവുന്ന നമ്മെ രസിപ്പിക്കുന്ന ചെറിയ വരികൾ !\r\n\r\nഇതിലെ \'പ്രാചീനതയിലെ \'എന്ന കവിതയിൽ പ്രണയികൾക്ക് മാത്രം നിർവചിക്കാവുന്ന അനുഭവവേദ്യമാകുന്ന ഭാരക്കുറവിനെ കുറിച്ച് കവി പറഞ്ഞിട്ടുണ്ട്.അതേ, പ്രണയത്തെ അത്രമേലാഴത്തിൽ മറ്റെങ്ങനെ അടയാളപ്പെടുത്താനാണ്? !\r\n\'മരണം കണ്ടുപിടിച്ചിട്ടില്ലാത്ത അത്രയും പ്രാചീനതയിലെ ഭാരക്കുറവ് \'\r\n\r\n\'പ്രണയമില്ലെങ്കിൽ \r\nഉടലിനോളം കടുപ്പമുള്ള \r\nമരമില്ല വേറെ, \r\nചുണ്ടുകൾകൊണ്ടെത്ര കൊത്തിയിട്ടും \r\nശില്പമാകുന്നില്ല തീരെ..... \'\r\n\r\nഅതേ എന്തിന്റെയും അടിസ്ഥാനം പ്രണയമാണ്.പ്രണയം ശൂന്യമാക്കപ്പെട്ടയിടങ്ങൾ ചെറുചലനം തീർക്കാൻപോലും കഴിയാതെ നിർജ്ജീവമായിരിക്കും എന്ന് ഈ കവിത അടിവരയിടുന്നുണ്ട്. \r\n\r\nപ്രണയമില്ലാത്ത മനസ്സുകൾ \r\nതൊട്ടുതൊട്ടു നടന്നാൽ \r\nഎങ്ങനെയാണ് തീയുണ്ടാകുന്നത്?\r\nഉൾത്തുടിപ്പറിയുന്നത്? \r\nതീയണയ്ക്കാനായി നാമറിയാതെ \r\nഒരു പുഴ സൃഷ്ടിക്കപ്പെടുന്നത്? \r\nപതിയിരിക്കുന്ന വിത്തുകൾ മുളപൊട്ടിയേക്കാം, \r\nപൂവുകൾ വിടർന്നേക്കാം.\r\nആ നിമിഷങ്ങൾ \r\nകാലങ്ങൾക്കപ്പുറം \r\nഇരു മനസ്സുകളിലും \r\nആലേഖനം ചെയ്യപ്പെടുന്നില്ല !\r\nഅല്ലെ? \r\nവായിക്കുമ്പോൾ എഴുതിപ്പോകുന്നതാണ് \r\nഇതൊക്കെയും. !\r\n\r\nഅതേ, വാക്കുകൾ ശില്പങ്ങളെ പോലെ മരങ്ങളെ പോലെ ചേർത്തുവെച്ചിരിക്കുന്ന പുസ്തകങ്ങൾ നമ്മെ എങ്ങനെയാണ് സ്പർശിക്കുന്നത്?വിജനമായ, അപരിചിതമായിടങ്ങളിലെ യാത്രകൾ പോലെ നമ്മെ വിരസതയുടെ വന്യതയനുഭവിപ്പിക്കില്ലേ? !മനോഹരമായ അരുവികളുടെ ചെറുതലോടലിൽ ചുറ്റാകെ വസന്തം നിറഞ്ഞ വീഥിയിലൂടെ കളകൂജനങ്ങളുടെ മധുരശബ്ദം ശ്രവിച്ചുകൊണ്ടുള്ള യാത്രപോലെ അവർണ്ണനീയ അനുഭവങ്ങളുടെ ആശ്ലേഷങ്ങളാണ് നമ്മെ ഈ പുസ്തകത്തിൽ കാത്തിരിക്കുന്നത്. ഇതിൽ മാത്രമല്ല വീരാൻകുട്ടി സാറിന്റെ എല്ലാപുസ്തകവും കവിതകൾ ഇഷ്ടപ്പെടുന്നവർക്ക് നല്ല സഹയാത്രികരാണ്. നമ്മോടൊപ്പം ജീവിതയാത്രയിലെ കാടും മേടും കാട്ടാറും കടന്ന് ജീവിതത്തിലെ പലവിധ ഭാവങ്ങൾ ഒപ്പിയെടുത്ത് പരസ്പരം സംവദിച്ച് മനസ്സിന്റെ വാതായനങ്ങൾക്ക് അകത്ത് ചെറുചലനം സൃഷ്ടിച്ച് ഓർമ്മയുടെ അഗാധതലങ്ങളിൽ അവയെ ഒളിപ്പിച്ച്...കാലങ്ങളോളം ആ സൗഹൃദം നമുക്കൊപ്പം ഉണ്ടാകുമെന്നത് തീർച്ചയാണ് !\r\n\r\nപ്രണയിക്കുന്ന രണ്ടുപേർ \r\nതൊട്ടുതൊട്ടു നടക്കുമ്പോൾ \r\nചുരുട്ടിവച്ച വഴിയെല്ലാം \r\nനിവർത്തിയിടും ദൈവം. \r\nഅവരതിന്റെ പതുപതുപ്പ് \r\nഅറിയാതെ പോകുമെങ്കിലും -\r\nഭൂമിയിൽ നിന്നും ഉയർന്നാവും \r\nഅവരുടെ അപ്പോഴത്തെ നടത്താമെന്നതിനാൽ..... \r\n\r\nഎത്ര സത്യമാണത്.....!\r\nചുറ്റാകെവിസ്മരിച്ചുകൊണ്ട്, പ്രണയത്തിന്റെ വിസ്മയത്തിൽ, നനുത്ത നനവിൽ മുന്നോട്ട് പോകുന്നവർ അവർക്കായി വിരിച്ചിട്ട\r\nവഴിയൊന്നും കാണുന്നുണ്ടാകുന്നില്ല, അവരെപോലും. ആ അനുഭവങ്ങളെ മാത്രമാണ് അവർ അറിയുന്നത് !\r\n\r\nവായിച്ചുമറക്കാൻ \r\nഇതിലൊന്നുമില്ല, \r\nവെറുതെ മറിക്കാൻ \r\nനിങ്ങൾക്കാവില്ല, \r\nഅനുഭവിക്കാനോ..... \r\nമരണമില്ലാത്ത \r\nരസക്കൂട്ടുകൾ \r\nഒരുപാടുണ്ട്..... !\r\n\r\nസ്നേഹത്തോടെ, \r\nസഫി അലി താഹ.\r\nSAT❤️ Rating: [5 of 5 Stars!] |