ദേശാരവങ്ങൾ വായനാനുഭവം - ജ്യോതീന്ദ്രകുമാർ. പി എടത്താനാട്ടുകര\r\n\r\n\r\nമനുഷ്യകുലത്തിന്റെ സ്വത്വ ചരിത്രം തേടിയുള്ള യാത്രയിൽ ഓരോ മനുഷ്യർക്കും ഒഴിച്ചുകൂടാനാകാത്ത വികാരമാണ് താൻ ജനിച്ച് വളർന്ന നാട്.. ജനനം മുതൽ നാളിതുവരെയുള്ള ഒരാളുടെ ഓർമകൾ രൂപപ്പെടുന്നതിലും തന്റെ സ്വതസിദ്ധമായ സ്വഭാവ രൂപീകരണത്തിലും ജനിച്ചു വളർന്ന നാട്ടിലെ അന്തരീക്ഷവും ആ നാട്ടിലെ കാലാവസ്ഥയും, ഭൂപ്രകൃതിയും, പുഴയും, മരങ്ങളും, മൃഗങ്ങളും, താൻ ഇടപഴകിയ വ്യത്യസ്ത സ്വഭാവമുള്ള മനുഷ്യരും ഒട്ടേറെ സ്വാധീനം ചെലുത്തുന്നുണ്ട്..... അത്തരം വ്യക്തി രൂപീകരണ പ്രകൃിയയിലൂടെ സൃഷ്ടിക്കപ്പെടുന്ന വ്യക്തികളുടെ സ്വഭാവങ്ങളും രീതികളും അവരുൾപ്പെടുന്ന മറ്റു സംഭവങ്ങളെയും സർഗ്ഗധനരായ എഴുത്തുകാർ തങ്ങളുടെ കൃതികളിലെ വിവിധ പശ്ചാത്തലങ്ങളിൽ സമാനമായി വരുന്ന സംഭവങ്ങളിലുടെയും കഥാപാത്രങ്ങളിലൂടെയും ബോധ പൂർവ്വമോ അല്ലാതെയോ സന്നിവേശിപ്പിച്ചവതരിപ്പി ക്കാറുണ്ട്. അതുകൊണ്ടു തന്നെ അങ്ങനെ അവതരിപ്പിക്കുന്ന കഥാപ്രത്രങ്ങളും സംഭവങ്ങളും വായനക്കാരുടെ മനസ്സിൽ തന്റെ തന്നെ അനുഭവങ്ങളായി വായനക്കാർക്ക് തോന്നുന്നതും സ്വാഭാവികമാണ്. അത്തരത്തിൽ കഥാകാരൻ ജീവിച്ച നാട്ടിലെ മനുഷ്യരുടെയും, പ്രകൃതിയുടെയും നേർ പരിഛേദങ്ങളായി കൃതിയിൽ രൂപമാറ്റം വരുത്തി അവതരിപ്പിക്കുമ്പോൾ... അത്തരം രൂപാന്തരങ്ങൾ കൃതി വായിക്കുന്ന വായനക്കാരന് അവന്റെ സ്വന്തം അനുഭവങ്ങളായി മനസ്സിൽ രൂപപ്പെടുന്നിടത്താണ് ആ കൃതി അവനിൽ അനിർവചനീയമായ ആസ്വാദന അനുഭവമാകുന്നത്........വായനക്കാരനായ താൻ തന്നെ കഥാകാരനായി മാറുന്ന ഒരു വായനാനുഭവം ഒരു പുസ്തകത്തിന്റെ വായനയിലൂടെ വായനക്കാരന്റെ മനസ്സിൽ സൃഷ്ടിക്കുന്നിടത്ത് ആ പുസ്തകം വായനക്കാരന് പ്രിയപ്പെട്ടതാകുന്നു....\r\n .ഞാൻ ഇത്രയും ആമുഖമായി കുറിച്ചത് എന്റെ വായനാനുഭവത്തിന്റെ കാര്യമാണ്.......ഈയിടെ പുറത്തിറങ്ങിയ എന്റെ തൊട്ടടുത്ത നാട്ടുകാരനായ ശ്രീ. ഷൌക്കത്ത് കാർക്കിടാംകുന്ന് എഴുതിയ \'ദേശാരവങ്ങൾ\' എന്ന നോവലിന്റെ വായന ഈയിടെ എന്നെ ഇത്തരത്തിൽ ഉള്ള ഒരു വായനാനുഭവത്തിലേക്ക് നയിച്ചു .. ഉണ്ണിയാൽ എന്ന ദേശത്ത്.. യുഗാന്തരങ്ങളായി നടന്ന ഓരോ സംഭവങ്ങൾക്കും.. വിശേഷങ്ങൾക്കും നേർ സാക്ഷിയായി നിലകൊണ്ട ആ ദേശം തന്നെ തന്റെ പേരിൽ അറിയപ്പെടുന്ന നാടിന്റെ സാംസ്‌കാരിക പ്രതീകമായ ഒരു `ആൽമരം` വെട്ടിമാറ്റുന്നതിലെ നാട്ടുകാരുടെ ആകുലതയിൽ തുടങ്ങി.... ആൽമരമെന്ന തന്റെ നാടിന്റെ ഗൃഹാതുര ബിംബത്തിലൂടെ.....നാടിന്റെ കഥയെയും ആരവങ്ങളെയും ചരിത്ര ആവിഷ്കാരങ്ങളുമായി മനോഹരമായി സാമാന്വയിപ്പിച്ചുകൊണ്ട് നോവൽ മുന്നേറുന്നതായി കാണാം...ആദ്യ ഭാഗത്തിൽ തന്റെ ദേശത്തിലും തൊട്ടടുത്ത ദേശത്തിലും ജനിച്ച്.. ജീവിച്ച ഒരു പിടി പച്ചയായ കഥാപാത്രങ്ങളിലൂടെയും.... മറ്റൊരു കേന്ദ്ര കഥാപാത്രമായ വെള്ളിയാർ പുഴയിലൂടെയും... ദേശത്തിന്റെ ആരവങ്ങളുടെ കഥ പറയുന്ന നോവൽ അതിന്റെ പേരിനെ അന്വർത്ഥമാക്കുന്നുണ്ട്.... നോവലിലെ ഓരോ കഥാപാത്രങ്ങളും നോവലിസ്റ്റിന്റെ കേവലം ഭാവനാ സൃഷ്ടിയായ കഥാപാത്രങ്ങളല്ല.....മറിച്ച് യഥാർത്ഥ ജീവിതങ്ങളാണ്.. എന്റെ സുഹൃത്തായ മാമച്ഛനും മാമച്ചന്റെ പിതാവ് ഞങ്ങളുടെയെല്ലാം കുരിയൻചേട്ടനും ഒക്കെ നോവലിൽ കഥാ പാത്രങ്ങളായി വരുന്നുണ്ട് എന്നത് ഏറെ കൗതുകകരമായി .... കാർഷിക സംസ്കൃതി പുതിയ സംസ്കൃതിക്കു വഴിമാറിയ ഒരു പരിവർത്തന കാലഘട്ടത്തിൽ ജനിച്ച് കാർഷിക സംസ്കൃതിയുടെ നന്മകളും പോരായ്മകളും അറിഞ്ഞും പുതിയ സംസ്കൃതിയെ ആശങ്കയോടെ നോക്കികണ്ടും.. ബാല്യ, കൗമാരത്തിലൂടെ കടന്നു വന്നു ജീവിച്ച എന്റെ ഓർമകളിൽ ഇന്നും മായാതെകിടക്കുന്ന പല ബിംബങ്ങളും നോവലിലെ പശ്ചാത്തലത്തിലൂടെ കടന്നു വരുന്നുണ്ട്.... അതുകൊണ്ടു തന്നെ ആദ്യ പേജുകളുടെ വായന കഴിഞ്ഞ് ഞാൻ തന്നെയാണ് കഥ പറയുന്നെതെന്ന തോന്നൽ വായനയിലുടനീളം എന്നിൽ ഉണ്ടാക്കുന്നുണ്ട്... ഒരു പക്ഷെ നോവലിസ്റ്റ് കേന്ദ്രമാക്കിയ സ്ഥലങ്ങളുടെയും സംഭവങ്ങളുടെയും ആരവങ്ങളുടെയും അനുഭവഭേദ്യം നോവലിസ്റ്റിനെ പോലെ എനിക്കും ഉണ്ടായിരുന്നതാകണം അത്തരത്തിൽ ഒരു വികാരം വായനയിൽ എന്നിൽ ഉണ്ടായത്...\r\n നോവൽ അതിന്റെ രണ്ടാം ഭാഗത്തിലേക്കു കടക്കുമ്പോൾ അത് \'നോവൽ\' എന്ന സങ്കല്പത്തിൽനിന്നും ഒരു ദേശചരിത്രത്തിന്റെ രചനയായാണ് എനിക്ക് അനുഭവപ്പെട്ടത്..ഗ്രന്ഥകാരൻ ചരിത്ര വസ്തുതകളെ വിശകലനം ചെയ്തതിൽ അസാമാന്യമായ ഗൃഹപാഠം ചെയ്തിട്ടുണ്ട്.. അത് അഭിനന്ദിക്കാതെ വയ്യ... സ്വന്തം മുത്തച്ഛൻ തന്നെ ഈ ചരിത്ര സംഭവത്തിൽ ഒരു വീര നായകനായി ഉണ്ട് എന്നതാകാം ചരിത്രപരമായ ചിത്രീകരണത്തിന് അനിതരസാധാരണമായ പരിശ്രമം നോവലിസ്റ്റിന്റെ ഭാഗത്തു നിന്നും ഉണ്ടായത്..... ചരിത്ര വിശകലനം ഉൾകൊള്ളുന്ന രണ്ടാം ഭാഗം കഴിഞ്ഞു വീണ്ടും ദേശത്തിന്റെ പരിക്രമണങ്ങൾക്ക് മൂകസാക്ഷിയായ ആൽമരത്തിലേക്കു തന്നെ കഥ എത്തി ആൽമരത്തിന്റെ മരണ വേദനയിൽ സങ്കടപ്പെട്ട് വായനക്കാരിൽ ഗൃഹാതുരത്വത്തിന്റെ നോവുണ്ടാക്കി നോവൽ അവസാനിക്കുകയാണ് ....... \r\n ഒരിക്കലും തിരിച്ചു വരാത്ത പോയകാല കാഴ്ചകളുടെ തനിമ നില നിർത്തി നല്ല അവതരണം കൊണ്ട് വായനക്കാരിലേക്ക് അതി ഭാവുകത്വമില്ലാതെ സുന്ദരമായ ഓർമ്മകൾ പകർന്നു തരുന്നതും, അറിയപ്പെടാത്തതും രേഖപ്പെടുത്താത്തതുമായ ചില പ്രാദേശിക ചരിത്ര വസ്തുതളെ ഇഴ തെറ്റാതെ കോർത്തിണക്കി പ്രമേയമായി കൊണ്ടു വരുന്നതുമായ `ദേശാരവങ്ങൾ\' തീർച്ചയായും വായിക്കേണ്ട ഒരു കൃതിതന്നെയാണ് എന്ന് അർത്ഥശങ്കക്കിടയില്ലാതെ കുറിക്കട്ടെ....നല്ല വയനാനുഭവം സമ്മാനിച്ച ശ്രീ.ഷൌക്കത്തിന് അഭിനന്ദനങ്ങൾ.. \r\n\r\n സ്നേഹപൂർവ്വം ജ്യോതീന്ദ്രകുമാർ. പി എടത്താനാട്ടുകര... Rating: [5 of 5 Stars!] |