ദേശാരവങ്ങൾ-വായനാനുഭവം...\r\nഅഷ്റഫ് അക്കരെ\r\nനല്ലൂർപുള്ളി\r\n\r\nആദ്യം തന്നെ ഈ നോവലിന്റെ എഴുത്തിനുവേണ്ടി എടുത്ത ദീർഘനാളത്തെ പരിശ്രമത്തെ നിസ്സീമമായി അഭിനന്ദിക്കുന്നു. ആദ്യ അധ്യായങ്ങൾ തന്നെ എന്നെ അനിർവജനീയമായ ഒരു അനുഭൂതിയിലേക്ക് കൂട്ടിക്കൊണ്ടുപോയി.\r\n\r\nബാല്യകാലത്തിലേക്കും യുവത്വത്തിലേക്കും ശരിക്കും സഞ്ചരിപ്പിച്ചു. പണ്ടുകാലത്ത് സ്കൂളിലേക്കുള്ള മഴയും വെയിലും കൊണ്ടുള്ള ദീർഘമായ നടന്നുള്ള യാത്രയും കൈത്തോടുകളും പാടങ്ങളും ഒറ്റ വരമ്പുകളും കുന്നും ചെരുവുകളും ഒറ്റയടി പാതകളും കടന്നുള്ള യാത്രകളും മനസ്സിൽ മിന്നിത്തളിഞ്ഞു. \r\n\r\n ഏറനാടൻ വള്ളുവനാടൻ ശൈലികളുടെ ഒരു സമ്മിശ്ര സംഭാഷണ ശൈലിയാണ് ഈ നോവലിൽ ഉപയോഗിച്ചിരിക്കുന്നത്. ഓരോ ഗ്രാമത്തിലും ഉള്ള ഭാഷകളെ അതിന്റെ തനിമ ചോരാതെ പകർത്തിയിരിക്കുന്നു. ഭൂതകാലത്തിന്റെ നന്മകളും സൗഹാർദങ്ങളും ഒരു തിരശ്ശീലയിലെന്നപോലെ കാണാൻ സാധിച്ചു. ചെറുപ്പത്തിൽ ഞാനൊക്കെ പാടികൊണ്ട് നടന്നിരുന്ന ചവിട്ടു കളിപ്പാട്ട് നാവിൻ തുമ്പത്ത് വന്നു നിന്നു. ചിരിക്കാനും ചിന്തിക്കാനും അവസരം നൽകുന്ന വരികൾ. \r\n\r\nഒരു കാലഘട്ടത്തിലേക്ക് മനസ്സും ശരീരവും എത്തിച്ചേർന്നത് പോലെ തോന്നി. കഥ വായിക്കുമ്പോൾ ചില നേരത്ത് ഞാൻ 12,14 വയസ്സുകാരനായി മാറി. ഒരുകാലത്ത് ഉണ്ണിയാൽ ഗ്രാമത്തിൽ ഗംഭീരമായ താലപ്പൊലി നടത്തിയിരുന്ന. കോട്ടക്കുന്നിന്റെ മുകളിലെ വാസുവേട്ടന്റെ കുടുംബക്ഷേത്രത്തിലാണ് താലപ്പൊലി നടക്കുക. അന്നേ ദിവസം ഉണ്ണിയാലിൽ കാവടിയാട്ടവും മയിലാട്ടവും ഉണ്ടാകും. കൂടാതെ പാണറുടെ പറക്കാള, മണ്ണാന്മാരുടെ ഭൂതം എന്നിവയും. പാലക്കൊമ്പിന് ചുറ്റും ഉറഞ്ഞുതുള്ളുന്ന വെളിച്ചപ്പാടുകൾ വേറെയും.\r\n\r\nആ ഒരു ഉത്സവ കാലം ഇന്ന് വെറും ഓർമ്മകളാണ്. വാസുവേട്ടൻ വളരെ സുന്ദരമായി നാടിനെ ഒന്നിപ്പിച്ചിരുന്ന ആ ഒരു കാലം കൺമുമ്പിൽ കാണുന്നതുപോലെ അവതരിപ്പിച്ചു. ഒരു നിമിഷം വാസുവേട്ടനെയും ഓർത്തുപോയി. ബാല്യകാലത്തിലേക്ക് കൊണ്ടുപോയി മൺമറഞ്ഞ ആ ഉത്സവങ്ങൾ കണ്ടു തിരിച്ചു വന്ന പ്രതീതി. സമൂഹത്തിലെ ഏറ്റവും താഴെത്തട്ടിലുള്ള അയ്യപ്പുണ്ണിയുടെ ഭൂതം കെട്ടാനുള്ള ആവേശം ഓരോ വായനക്കാരുടെയും മനസ്സിൽ വേദനയും സന്തോഷവും നൽകും.\r\n\r\n ഇതിനുമുമ്പ് ഒറ്റ ഇരിപ്പിന് വായിച്ച ഒരു നോവലാണ് ആടുജീവിതം. ഒരു പ്രവാസിയായ എനിക്ക് അതൊരു ഉദ്യോഗജനകമായ അനുഭവമായിരുന്നു. ഓരോ വരികൾ വായിക്കുമ്പോഴും അടുത്തതെന്ത് എന്നുള്ള ഒരു ആകാംഷ മനസ്സിൽ രൂപപ്പെടും. അതേ ആകാംക്ഷ ദേശാരവങ്ങളിൽ ഓരോ വരികളിലും നിലനിർത്തിയിരിക്കുന്നു.\r\n\r\n സാധാരണക്കാരെ വായനയിൽ നിന്നും അകറ്റുന്ന സാഹിത്യത്തിൻറെ അതിപ്രസരവും കടിച്ചാൽ പൊട്ടാത്ത വാക്കുകളുമാണ്. അവ രണ്ടും ശ്രദ്ധയോടെ കൈകാര്യം ചെയ്തിരിക്കുന്നു. എന്നാൽ വേണ്ടുന്ന സ്ഥലങ്ങളിൽ ലളിതമായ ഭാഷയിൽ സാഹിത്യ ഭംഗിയും വർണ്ണനകളും ഉപമകളും ആസ്വദിക്കാൻ സാധിക്കും. \r\n\r\nമുതിർന്നവർക്കും കുട്ടികൾക്കും ഒരുപോലെ വായിക്കാൻ സാധിക്കുന്ന ഒരു അവതരണമാണ് അവലംബിച്ചിരിക്കുന്നത്. ദേശാരവങ്ങൾ നൽകുന്ന വായനയുടെ അനുഭൂതി അത് ഒന്ന് വേറെ തന്നെയാണ്. നാട്ടു സർക്കസിന്റെ വിവരണം ആകാംക്ഷയോടെ കൂടി അല്ലാതെ വായിക്കാൻ സാധിക്കില്ല. സർക്കസ് വേദിയുടെ മുമ്പിൽ ഞാനും കണ്ണുതള്ളിയിരിക്കുന്നത് പോലെ തോന്നി. ഉദ്യോഗജനകമായ മുഹൂർത്തങ്ങളുടെ ഹൃദയസ്പർക്കായ അവതരണം. വായന തുടരുന്നു.. Rating: [3 of 5 Stars!] |