reviewed by null Date Added: Thursday 18 Aug 2016

കവിതയുടെ ഹരിതഛായകൾ; കണ്ണീരിന്റെയും... --പറവൂർ ബാബു.പുതിയകാലത്തെ കവിത കാലത്തിന്റെ കലിമുഖങ്ങളെ വെളിച്ചത്തേയ്ക്ക് പിടിച്ചുനിർത്തുന്ന നീതിയുടെ പക്ഷംചേരുന്നവയാണെന്ന് തോന്നിയിട്ടുണ്ട്. വർത്താമാനകാലത്തിന്റെ ഭീതിയും ആശങ്കയും ആസുരതകളും പലപ്പോഴും കവിതയ്ക്ക് വിഷയമാകുന്നു. പൊതുവിൽ കവിത ഒരു സാംസ്കാരികപ്രവർത്തനമെന്നതിൽ സത്യമുണ്ടെന്ന് തെളിയിക്കുകയും ചെയ്യുന്നു. ഇക്കാലത്ത് നവമാധ്യമങ്ങളിലും പാരമ്പര്യമാധ്യമങ്ങളിലും പ്രത്യക്ഷപ്പെടുന്നവയെല്ലാം മേൽപ്പറഞ്ഞ ഗണത്തിൽപ്പെടുന്നതാണ് എന്നും അഭിപ്രായമില്ല. അതങ്ങനെ തന്നെയായിരുന്നു , എല്ലാക്കാലത്തും. ഇവിടെ കവിതയെ സ്നേഹിക്കുന്ന കുറച്ചുപേരുണ്ട്. അവരുടെ വിവേചനബുദ്ധി അതിനെ തരംതിരിച്ചുകൊള്ളും. ഗിരീഷ്കുമാർ ശ്രീലകത്തെപ്പോലെയുള്ളവരുടെ രചകൾ വരുംകാല കവിത പുഷ്കലമായ വായനയുടെയും നവോത്ഥാനങ്ങളുടെയും നേർക്ക് ജാലകങ്ങൾ തുറന്നുവയ്ക്കാൻ പര്യാപ്തമാണെന്നും പിന്നാലെ വരുന്നവർക്ക് കരുത്തുപകരാൻ കഴിയുന്നതാനെന്നും ഞാൻ വായിച്ചെടുക്കുന്നു. ഇദ്ദേഹത്തെ മുൻപരിചയമില്ല. 'വിറകുമരം' എന്ന കവിതസമാഹാരത്തിലൂടെ കടന്നുപോയപ്പോൾ തോന്നിയ വികാരം, അതിനേക്കാളുപരി എനിക്കുണ്ടായ അനുഭവം പങ്കുവയ്ക്കുകയാണ് ചെയ്യുന്നത്.കവിതയെ അനുഭവിപ്പിക്കലായി മാറ്റുന്നിടത്ത് വർത്തമാനകവിത വിജയിക്കുന്നുണ്ട്. 'വിറകുമരം' കാവ്യാനുശീലങ്ങളെ അനുസരിക്കുന്നതോടൊപ്പം പൗരാണികതയുടെ വ്യവസ്ഥാപിതകോട്ടകൾ തകർക്കുകയും ചെയ്യുന്നു. കൃത്യമായ ലക്ഷ്യത്തിൽ ശരംകണക്കെ തറഞ്ഞ് കവിത അതിന്റെ ധർമ്മം നിർവ്വഹിക്കുന്നു. നല്ലൊരു കാവ്യസമാഹാരം വായിച്ചനുഭവിക്കാൻ കഴിഞ്ഞതിൽ സന്തോഷിക്കുന്നു. 'വിറകുമരം' എന്നപേരുതന്നെ ഒരേ സമയം പാരിസ്ഥിതികവും മാനുഷികജീവിതാവസ്ഥയുടെ ചൂടും ചൂരും വമിപ്പിക്കുന്നതുതന്നെ. ഒടുവിൽ എരിഞ്ഞുതീരുന്ന ചാമ്പലായി, ജീവചക്രത്തിന്റെതന്നെ ഭാഗമായിത്തീരുകതന്നെയാണല്ലോ മനുഷ്യനും. ഒരു നിലയ്ക്ക് ആലോചിക്കുമ്പോൾ വിറകുമരങ്ങൾതന്നെയാണ് നാമെന്ന് ചിന്തിക്കപ്പെടുന്ന സന്ദർഭങ്ങൾ വിരളമല്ലല്ലോ.'പൊരിക്കവിതകൾ' എന്നുപേരിട്ട് കുറച്ചു കവിതകൾ മാറ്റിനിറുത്തിയത് എന്തുകൊണ്ട് എന്നു ചിന്തിച്ചു. ''വാക്യം രസാത്മകം കാവ്യം'' എന്നൊരു ചൊല്ലനുസരിച്ച് നോക്കുമ്പോൾ കുറുങ്കവിത- ദീർഘകവിത എന്ന വിഭജനമോ വിശേഷണമോ എന്തിന് എന്ന് ആലോചിച്ചിട്ടുണ്ട്. അതേക്കുറിച്ച് ആഴത്തിലുള്ള ചർച്ചകൾ മറ്റുള്ളവർ നടത്തട്ടെ. പൊരിക്കവിതകൾ മനസ്സിൽ ഉണ്ടാക്കുന്ന ഒരു എരിപൊരിസഞ്ചാരം തന്നെയാവാം ഈ കവിതകളുടെ വിജയം.കാവ്യസമാഹാരം അടുക്കോടെ ചിട്ടയോടെയല്ല വായിച്ചു തീർത്തത്. ഒറ്റയിരിപ്പിനുമല്ല. ഒരു കാവ്യസമാഹാരം അങ്ങനെ വായിക്കപ്പെടേണ്ടതല്ല എന്നുതന്നെയാണ് എന്റെ പക്ഷം. അതൊരു ഉപരിതലക്കസർത്താവുകയേചെയ്യൂ. ആഴക്കാഴ്ചകൾ തേടുമ്പോഴാണ് കവിയും കവിതയും അനുഭവവേദ്യമാകുന്നത്.'അച്ഛൻ' വായിച്ചപ്പോൾ ഒരു തേങ്ങലുയർന്നു. പലകാലത്തും പലരും തിരിച്ചറിയാതെപോകുന്ന ത്യാഗത്തിന്റെയും സഹനങ്ങളുടെയും നിറനിലാവാണ് പിതാവെന്ന സത്യം, അകക്കണ്ണു തെളിയിക്കാൻ പോന്നതാണ്. പിൻവിളി, പ്രവാസം, പ്രവാസി എന്നീ കവിതകളിൽ ഇരമ്പുന്നുണ്ട് നൊമ്പരത്തിന്റെയും നഷ്ടബോധങ്ങളുടെയും മണൽക്കാറ്റ്.ഉള്ളിൽ വേനലെരിയുമ്പോഴും ഒഴു മഴയുടെ സ്പർശം പകർന്നുനല്കേണ്ട കടപ്പാടുകളുടെയും ബന്ധങ്ങളുടെയും നേരുകളാണ് പ്രവാസജീവിതം. പല കവിതയിലും ഈ മരുഭൂമിയുടെ പനിച്ചൂടറിയാം. മണ്ണിൽ ശിരസ്സുപൂഴ്ത്തുന്ന ഒട്ടകപ്പക്ഷി എന്ന ബിംബം സ്ഥലകാലങ്ങൾക്കിണങ്ങുന്നതുതന്നെ. കവി തൊട്ടറിഞ്ഞ ജീവിതയാഥാർഥ്യങ്ങളുടെ കണ്ണീരുപ്പ് കവിതയിൽ രുചിക്കുന്നുണ്ട്. ആത്മാംശം ഏറെയുള്ള രചനകളെന്ന് ഒറ്റവാക്യത്തിൽ പറയാമെന്നുതോന്നുന്നു. എഴുത്തിൽ അതുണ്ടാവും ചില ഏറ്റക്കുറച്ചിലോടെ...ജയവും തോൽവിയുമെന്നത് മനസിന്റെ തോന്നലുകൾക്ക് അധീനമാണ്. ആത്യന്തികമായി നോക്കുമ്പോൾ തോൽവിയുടെ വക്കിലാണല്ലോ- കീഴടങ്ങലിലാണല്ലോ അവസാനം. മറ്റൊരു തലത്തിൽ ആലോചിക്കുമ്പോൾ -നമ്മിലേയ്ക്കു തിരിച്ചുവയ്ക്കുന്ന കണ്ണാടി പറയുന്നത് നാമൊരു തോൽപ്പിക്കപ്പെട്ട ജനതയാണ് എന്നുതന്നെയാണല്ലോ. എത്രത്തോളം ശരിയെന്നറിയില്ല; അഭിപ്രായം മാത്രം. നിവിൽ- കാരുണ്യത്തിൽ- പ്രണയത്തിൽ- ജീവിതത്തിൽ- മരണത്തിൽ- എല്ലാം നിരന്തരം തോൽപ്പിക്കപ്പെടുന്നവന്റെ നിരാശ വർത്തമാനജീവിതത്തിന് ഏറെ പരിചിതം-'ഓട്ടം''പാഠം' ഒരു ഓർമ്മപ്പെടുത്തലാണ്. കുട്ടികൾക്ക് ചൊല്ലിനടക്കാൻപറ്റിയത്. ചൊല്ലിക്കേൾക്കുന്നതും വായിക്കുന്നതും രണ്ടാണല്ലോ. വിട്ടുപോകാത്ത നേരുകളുടെ വേരുകളെ ഉൾക്കൊള്ളുന്ന 'തിരിച്ചറിവ്' എന്ന കവിതയും കവിയുടെ നിരീക്ഷണപാടവത്തെ കാണിച്ചുതരുന്നു. ഏവരും കാണുന്നതിനപ്പുറത്തേക്കാണ് കവിയുടെ കാഴ്ച. അതങ്ങനെ തന്നെ ആയിരിക്കണം. ഉലയിൽ ഇരുമ്പെന്നപോലെ ചുട്ടുപഴുക്കണം എഴുത്തുകാരൻ എന്നുപറഞ്ഞതാരാണാവോ? അതു നേരാണ്. ആരായാലും അനുഭവമില്ലാത്ത കഥനങ്ങൾ വെറും നാട്യങ്ങളോ യാന്ത്രികങ്ങളോ ആയിത്തീർന്നേക്കാം. അതിജീവനത്തിനായി പ്രേരിപ്പിക്കുന്ന കവിതകളും കണ്ടു. അതിജീവനത്തിനുള്ള ശക്തി ചോർന്നുപോകുകയാണല്ലോ നമുക്ക് - 'പട്ടിണി''ആൾമരം'- അന്യവത്ക്കരണത്തിന്റെ നഗ്നയാഥാർഥ്യങ്ങളെ വെളിപ്പെടുത്തുന്നു. ഓരോ മനുഷ്യനും ഇന്ന് ഓരോ തുരുത്തുകളാണ്. ഓരോ മുറികളിൽ ഒറ്റപ്പെട്ടുപോകുന്നവർ. അവനവന്റെ രഹസ്യങ്ങളുമായി- ദുഃഖങ്ങളുമായി- കാപട്യങ്ങളുമായി-നഷ്ടബോധങ്ങളുമായി.സ്വപ്നംകാണാൻപോലും മറന്നവരായി മാറിക്കൊണ്ടിരിക്കുന്ന ഒരു തലമുറയാണ് ഇവിടെ വളർന്നുവരുന്നത് എന്നത് ഭാവിയെ അനിശ്ചിതത്വത്തിലാക്കും എന്ന് നിസ്സംശയം പറയാം. അമ്മയുടെ കരുതലിനൊപ്പം വയ്ക്കുവാൻ ഒന്നുമില്ല. കരുതലില്ലാതെ പോവുന്നകാലത്താണ് നാം എല്ലാ അർത്ഥത്തിലും അനാഥരാക്കപ്പെടുക. മറ്റുള്ളവർക്കായി എരിയുന്ന മരമായി ഞാനമ്മയെ വായിച്ചെടുക്കുന്നു- 'കാവലാൾ'. 'വിറകുമരം' എന്ന ടൈറ്റിൽ കവിത മനുഷ്യജീവിതത്തിന്റെ നിസ്സഹായതയും നൈമിഷികതയും ബോധ്യപ്പെടുത്തുന്നു. അറിയപ്പെടാതെപോകുന്ന സ്നേഹസാന്നിധ്യങ്ങൾക്ക് ഒടുവിൽ അവശേഷിപ്പിക്കാനാകുന്നത് ഇതാണ്- 'കണ്ണുകളിറുക്കിയടയ്ക്കുവോളം'. 'മഴയും വെയിലും' എന്ന കവിതയിൽ നിറഞ്ഞൊഴുകുന്നുണ്ട് ഒരു കാവ്യനിലാവ്. നഷ്ടബാല്യങ്ങളെക്കുറിച്ച് ചിന്തിക്കാൻ കഴിയാത്തവർ- ഓർത്ത് നെടുവീർപ്പിടാൻ കഴിയാത്തവർ മനുഷ്യനായിരിക്കില്ല. ആനിലയ്ക്ക് കവിയുടെ കാര്യം പറയേണ്ടതില്ലല്ലോ- 'ബാല്യത്തിലേക്ക്'.ഭൂമിയേക്കാൾ ഭാരമുള്ളത് ആർക്ക്? എന്ന യക്ഷന്റെ ചോദ്യത്തിന് യുധിഷ്ഠിരന് ഒറ്റ മറുപടിമാത്രം- അമ്മ (മഹാഭാരതം). 'എത്രയെഴുതിയാലും തീരാത്ത സ്നേഹകവിതയാണ് അമ്മ' എന്ന് എന്റെ ചിന്തയും വികാരവും. അമ്മ നിലയ്ക്കാതൊഴുകുന്ന നിലാവായി എന്റെ രചനകളിലും കടന്നുവരുന്നു.മലീമസമായ വാണിജ്യസംസ്കാരത്തിന്റെ നേർക്കു ചൂണ്ടുന്ന വിറയ്ക്കാത്ത വിരലായി ശക്തമായ സാന്നിദ്ധ്യം അറിയിക്കുന്നു 'പാപത്തിന്റെ ഗന്ധം'. സാമൂഹ്യാവസ്ഥയിലുള്ള ഒരു ഇടപെടൽ ഇതിലൂടെ നടക്കുന്നു. ഇവിടെ കവിത അവിടേയ്ക്കുള്ള വഴിയടയാളം. 'നമ്മൾ' തന്നെ അനാഥരും അന്ധരുമായിപ്പോകുന്ന അടിയന്തരാവസ്ഥയ്ക്കു സമാനമായ ഇരുട്ടിന്റെ പാടപതനശബ്ദം കേൾക്കുന്നത് അടുത്തുനിന്നുതന്നെ.'പാളംതെറ്റിയ തലവര' യഥാർത്ഥ ജീവിതത്തിന്റെ അഗ്നിസ്ഫുലിംഗങ്ങൾ തന്നെ. കവിത വൈയക്തികമായ അന്തർധാരകളുടേതാണ് എന്ന് പറയാതെ പറയുന്ന കവിതകളും വായിച്ചെടുക്കാനായി. വരിയുടയ്ക്കപ്പെട്ട ജനതയുടെ വാരിയെല്ലെടുത്തുതന്നെയാണ്എക്കാലത്തുംഅവരെക്കുടുക്കിയ എലിപ്പത്തായങ്ങൾ നിർമ്മിച്ചത് എന്ന നിരീക്ഷണവും ഏറെ ശ്രദ്ധേയം. ഇന്നലെകൾ മറന്നുപോകുന്നവരുടെ പഥസഞ്ചലനങ്ങളാണ് നമുക്കുചുറ്റും വന്നുനിറയുന്നത്.'നരകത്തിലേയ്ക്ക്' എന്ന കവിത പറഞ്ഞുതരുന്നത് അനിവാര്യതയെക്കുറിച്ചുതന്നെ. 'നാം കാണാതെപോകുന്നത്' ഇന്നും മരിക്കാതെ നമ്മുടെ ഉള്ളിൽ നിറയുന്ന കാഴ്ചയുടെ വസന്തംതന്നെ. കാണാതെ പോകുക എന്നതും കണ്ടിട്ടും കാണാതെ നടിക്കുക എന്നതും ശീലമാക്കി മാറ്റിത്തുടങ്ങിയവർക്കു മുന്നിൽ കാലംപോലും മരിച്ചവന്റെ തണുപ്പ് സ്വയം ഏൽക്കുന്നുണ്ടാവാം. ..'ചത്തുപോയവരുടെ ജാതകത്തിൽ' കാണുന്നത് പകച്ചുനിൽക്കുന്ന നക്ഷത്രങ്ങൾ! നിലയ്ക്കാത്തൊഴുകുന്ന ചോരയുമായാണ് കുരിശിന്നും മലമുകളിലെന്നു തോന്നിയിട്ടുണ്ട്- 'തെമ്മാടിക്കുഴി'. മലമുകളിൽ കണ്ണീരുപെയ്യുമ്പോൾ ...പഠിക്കാനിനിയും ബാക്കിയുണ്ട്...എന്നിങ്ങനെ വ്യഥയുടെ ജാതകകുറിപ്പുകൾ കാണാൻകഴിയുന്ന കവിതകൾ നല്ലൊരു വായനാനുഭവമേകി. കാലത്തിന്റെ നല്ലചാലകങ്ങളായി മാറുന്ന കവിതകൾ പുനർവായനയിലും മടുപ്പിക്കുന്നില്ല. പ്രണയത്തിന്റേയും വിപ്ളവത്തിന്റേയും ആകാശവഴികളിലൂടെ പറക്കാത്ത പറവകളില്ല. യൗവ്വനത്തിന്റെ പറവകൾ പാറുന്നതും ഈ ആകാശവഴികളിലൂടെത്തന്നെ.

Rating: 4 of 5 Stars! [4 of 5 Stars!]