reviewed by Shaju Joshu Date Added: Tuesday 22 Nov 2016

മൗനത്തിന്റെ പാരമ്പര്യവഴികൾ-- ഒരു ആസ്വാദനക്കുറിപ്പ്

മൗനത്തിന്റെ പാരമ്പര്യവഴികൾ ഒരു കഥാസമാഹാരമോ റാവുത്തർ സമൂഹത്തിന്റെ ചരിത്രാന്വേഷണമോ മാത്രമല്ല അതൊരു നോവൽ തന്നെയാണ്. അത്രകണ്ട് ഇഴയടുപ്പമുണ്ട് കഥകൾ തമ്മിൽ. ഒരു ദേശത്തിന്റെ കഥ പോലെ…ഒരു കാലഘട്ടത്തിന്റെ കഥ പോലെ…ഒരു സമൂഹത്തിന്റെ കഥ പോലെ…അതിനെ തൊട്ടു നിന്ന ഇതര വിഭാഗങ്ങളുടെ അന്നത്തെ അവസ്ഥയുടെ നേർചിത്രം വരച്ചത് പോലെ…മുതയിൽ മുതൽ പൊട്ടൽപുത്തൂർ, മാനാ-മധുര വഴി നാഗൂർ വരെ നീണ്ട ഒരു യാത്രാവിവരണം പോലെ.. .പറഞ്ഞു കേട്ട പഴംപുരാണങ്ങളുടെ ഇതിവൃത്തത്തെ മൗനവല്മീകത്തിൽ ആവോളം മഥനം നടക്കാനനുവദിച്ച് സ്വന്തം മൂശയിൽ കടഞ്ഞെടുത്ത ഉരുപ്പടികളാണെന്നു പറയാം ഈ റാവുത്തർ പകർന്നു വച്ച പാരമ്പര്യ കഥകൾ.

തെങ്കാശിയിൽ നിന്നും കൊച്ചുമോന് സമ്മാനം കിട്ടിയ ഒരു ആട്ടിൻകുട്ടി തണുപ്പടിച്ചു ചത്ത് പോയി എന്ന ഒരു നാടൻ കമന്റിൽ ഒതുങ്ങിപ്പോകുമായിരുന്ന ഒരു സംഭവത്തെ പൊലിപ്പിച്ചു 21 പേജുള്ള ഒരു കഥയാക്കി മാറ്റിക്കൊണ്ടാണ് മൗനത്തിന്റെ നടവഴി തുടങ്ങുന്നത്. കഥയുടെ ഒടുക്കത്തിലെത്തുമ്പോൾ, ഒരു കഥക്കുള്ളിൽ മറ്റു മൂന്നു കഥകളെ പൊതിഞ്ഞു വച്ചിരിക്കുന്നതായി അറിവാകും. ഒരു സൂഫി വന്ന കഥ, ഞണ്ടൻ സീതമ്മാൾ ചിതയിൽ നിന്നുയിർത്ത കഥ, റുക്കിയാ അമ്മാൾ മരണനേരത്ത് ത്രയംബകം യജാമഹേ പാടിക്കൊണ്ട് കൂടി നിന്നവരെ ഞെട്ടിച്ച കഥ. മൂന്നിനേയും മീനാക്ഷി എന്ന കഥ കൊണ്ട് ചുരുട്ടിപ്പൊതിഞ്ഞു വച്ചിരിക്കുന്നു. പിന്നെ പൊട്ടൽപുത്തൂരിന്റെയും അത് വരെയെത്തുന്നത്തിന്റെയും വിവരണവും. നല്ല തുടക്കം. വിവരണം ലളിതം, മനോഹരം.

റാവുത്തർ സമൂഹത്തിന്റെ ചരിത്രം തിരഞ്ഞു പിന്നോട്ട് നടക്കുന്ന ഒരു റാവുത്തർ പുരുഷന്റെയും സ്ത്രീയുടെയും കഥയാണടുത്തതായിപ്പറയുന്നത്. അവർ തമ്മിൽ കണ്ടുമുട്ടുമ്പോൾ ഒരുവേള സംശയം വരും, അവർ തന്നെ കഥയിലെ കഥാപാത്രങ്ങൾ മാത്രമായി മാറുമോയെന്ന്. പക്ഷെ അങ്ങനെ സംഭവിക്കുന്നില്ല. അവർ ഒരേ സമയം കഥാപാത്രങ്ങളും സ്വാതന്ത്രാന്വേഷകരുമായി തുടരുന്നു. മാത്രവുമല്ല ഇരുവരുടെയും അന്വേഷണം ഒരു ഘട്ടത്തിൽ വിപരീതദിശകളിലേക്കു തിരിയുകയും ചെയ്യുന്നു. പുരുഷൻ ചരിത്രാവശിഷ്ടങ്ങളെ സംരക്ഷിച്ചു നിർത്താൻ താത്പര്യപ്പെടുന്നു; സ്ത്രീയാണെങ്കിൽ ആ ഓർമകളിൽ നിന്ന് രക്ഷപെടാനെന്ന പോലെ ആ ബിംബങ്ങളെ തച്ചുടക്കാനാഗ്രഹിക്കുന്നു. ആണും പെണ്ണും തമ്മിൽ ഏതു കാര്യത്തിലുമെന്ന പോലെ ഇക്കാര്യത്തിലും വേറിട്ട കാഴ്ചപ്പാട് പ്രകടിപ്പിക്കുകയാണ്. ആണ്മനസ്സ് സ്വപ്നങ്ങളിലും ഭൂതകാലസംഭവങ്ങളിലും രസം കണ്ടെത്തുമ്പോൾ പെണ്മനസ്സിനു പൊതുവെ താല്പര്യം വർത്തമാനകാല യാഥാർഥ്യങ്ങളിലാണ്. കണ്മുമ്പിലെ ജീവിതത്തിലാണവൾ സ്വപ്നങ്ങൾ നെയ്യാനാഗ്രഹിക്കുന്നത്, ഫോസിലുകളെ താലോലിക്കാൻ അവൾക്കു തെല്ലും താല്പര്യമില്ല. തന്നെയുമല്ല ഏഴങ്ങളമാർ ചേർന്ന് കുഞ്ഞുപെങ്ങളെ മറ്റാണുങ്ങളിൽ നിന്നും സംരക്ഷിക്കാനായി കൊലപ്പെടുത്തിയ കഥയുടെ സ്മാരകത്തിന് മുമ്പിലാണവർ നിൽക്കുന്നതും.
കഥകളിലൊക്കെ കൊട്ടിപ്പാടിപ്പറയുന്നത്, ആൺ-മേൽക്കോയ്മയുടെ ബിംബങ്ങളാണ്.അതുകൊണ്ടാണ് സംരക്ഷിക്കാൻ വേണ്ടി കൊലപ്പെടുത്തുന്നതിലെ വൈരുധ്യം ചോദ്യം ചെയ്യപ്പെടാതെ നിലനിന്നു പോരുന്നത്. കാരണം ആൺവീക്ഷണത്തി ൽ അഭിമാനത്തിന് ജീവിതത്തേക്കാൾ വിലകൽപിക്കപ്പെടുന്നു ; പെണ്ണിനെ സംബന്ധിച്ച് ഏതവസ്ഥയിലും ജീവിതത്തിനു അതിന്റേതായ വിലയുണ്ട്. ജീവനേക്കാൾ വിലയുള്ളത് സ്നേഹത്തിനു മാത്രമാണ്. അതുകൊണ്ടു മാത്രമാണ് ആ കുഞ്ഞുപെങ്ങൾ സഹോദരങ്ങളുടെ നിർദേശമനുസരിച്ച് ധാന്യസമാധിയെ ചോദ്യം ചെയ്യാതെ സ്വീകരിച്ചത്. പക്ഷെ മറ്റു സ്ത്രീകളെ സംബന്ധിച്ച് അതൊരു അഭിമാനക്കൊല മാത്രമാണ്. അതിൽ സംരക്ഷണഘടകത്തെക്കാൾ അഭിമാനപ്രശ്നമാണ് മുന്നിട്ടു നിൽക്കുന്നത്. സംരക്ഷിക്കാനായിരുന്നെങ്കിൽ, ആ വിഭവസമൃദ്ധി വിട്ട് ആങ്ങളമാർക്കു പെങ്ങളെയും കൊണ്ട് ഒളിച്ചോടാമായിരുന്നു, വല്ലദൂരദിക്കിലും പോയി പെങ്ങളുടെ ഇഷ്ടപ്രകാരം തന്നെ അവളെ സ്നേഹവാനായ ഒരു സാധാരണക്കാരന് കല്യാണം ചെയ്തു കൊടുത്തിട്ടു സാധാരണ ജീവിതം നയിക്കാനനുവദിക്കാമായിരുന്നു, അല്ലെങ്കിൽ… അവളുടെ വിധിയിൽ ഇടപെടാതെ നിന്ന് രാജകിങ്കരന്മാരോട് പൊരുതി മരിക്കുകയോ കീഴടങ്ങി രാജപ്രീതിയിൽ ശിഷ്ട കാലം ജീവിച്ചു പോകയോ ചെയ്യാമായിരുന്നു എന്നൊക്കെ ബദൽ മാർഗ്ഗങ്ങൾ നിർദേശിക്കാം. പക്ഷെ ഒക്കെ കഴിഞ്ഞ കഥകളാണ്, അന്നത്തെ നാട്ടു നടപ്പനുസരിച്ചു നടന്ന കാര്യങ്ങൾക്കു മേൽ നമുക്ക് യാതൊരു നിയന്ത്രണവുമില്ല. അങ്ങനെയാണ് ഫാത്തിം ബീവിയിലെ സ്ത്രീ തീരുമാനിക്കുന്നത്, ആ ദുരന്ത കഥയുടെ അവശിഷ്ടങ്ങൾ സൂക്ഷിച്ചു നിർത്തുന്നതിന്റെ ശ്വാസം മുട്ടലിൽ നിന്ന് സ്വയം രക്ഷപെടാമെന്ന്. അവളതു ചെയ്തെന്നു പറഞ്ഞാണ് കഥ തീരുന്നത്. അങ്ങനെ ഭൂതകാലത്തിന്റെ പ്രേതം വർത്തമാന യാഥാർഥ്യത്തിനു മുമ്പിൽ അടിയറവു പറയുകയാണ്. ശുഭപര്യവസായിയാവുകയാണ്.

അടുത്ത കഥ മൗനത്തിന്റെ പാരമ്പര്യവഴികൾ. കഥാകാരൻ തന്നെ കഥാപാത്രമാകുന്ന മറ്റൊരു കഥ. ഇതിൽ മൗനമാണ് കഥാതന്തു. അമ്മയുടെ ഗർഭത്തിൽ നമ്മെ പൊതിഞ്ഞു നിന്ന മൗനം. ജനിച്ച ശേഷവും വർഷങ്ങളോളം നമ്മുടെ കൂട്ടായി നിന്ന മൗനം. മരണശേഷം നമ്മൾ മടങ്ങിപ്പോയി വിലയം പ്രാപിക്കുന്ന മൗനം. വാസ്തവത്തിൽ ഗർഭാവസ്ഥയിലേക്കു പ്രവേശിക്കുന്നതിന് മുമ്പ് നാമൊരു ഭാഗമായിരുന്ന ആ മഹാമൗനത്തിന്റെ ദൃശ്യാവിഷ്കാരമല്ലേ നമുക്ക് കാണപ്പെടുന്ന ഈ ശരീരം ? അങ്ങനെ വരുമ്പോൾ നാമെല്ലാം മൗനത്തിന്റെ പ്രതിരൂപങ്ങളല്ലേ ? മൗനത്തിന്റെ നടനമല്ലേ നാം ശരീരം കൊണ്ട് ആടിത്തീർക്കുന്നത് ? പകൽ നടനം, രാത്രി മൗനം എന്ന രീതിയിൽ മൗനം ഇപ്പോഴും നമ്മോടു കൂടെയുണ്ടെന്നതൊരു വസ്തുതയല്ലേ ? പക്ഷെ ഉണർന്നിരിക്കുമ്പോഴൊന്നും നാം ഈ സത്യം തിരിച്ചറിയാതെ ശബ്ദകോലാഹലങ്ങളിൽ അഭിരമിച്ചും ചിന്തകളുടെ മായിക പ്രപഞ്ചത്തിൽ മതിമറന്നും കഴിച്ചുകൂട്ടുന്നു. അപ്പോഴും മൗനം പശ്ചാത്തലമായി നിലനിൽക്കുന്നുണ്ട്, നമ്മൾ അതറിയുന്നില്ലെങ്കിലും.

വല്ലപ്പോഴുമൊരിക്കൽ ഒരാൾ അവിചാരിതമായി ആ മൗനത്തിലേക്കു നിപതിക്കുകയാണെങ്കിൽ എന്ത് സംഭവിക്കും ? അതിന്റെ ഉത്തരമാണ് ഈ കഥയുടെ സാരം. പശ്ചാത്തല മൗനത്തിന്റെ നൃത്തത്തിന്റെ ഭാഗമായ കർമ്മകുശലത ഒത്തിണങ്ങിയ മുഹമ്മദ് റാവുത്തർ മൗനം ഉറഞ്ഞുണ്ടായ അരോഗദൃഡഗാത്രവുമായി ഒരു നാൾ പതിവ് വേട്ടയ്ക്ക് പോകുന്നു. കൊന്നും തിന്നും തിന്നപ്പെട്ടും രൂപപ്പെട്ടിട്ടുള്ള അദൃശ്യമായ ഒരു ചങ്ങലയാൽ തുലനം ചെയ്തു പോകുന്ന പ്രകൃതി പിന്തുണയേകുന്ന കാര്യമാണ് നായാട്ടെങ്കിലും കൊല്ലുന്നതും കൊല്ലപ്പെടുന്നതും ഒരേ സത്ത തന്നെയാണെന്ന വല്ലപ്പോഴുമൊരിക്കൽ മാത്രം സംഭവിക്കുന്ന മിന്നായക്കാഴ്ചയിൽ പകച്ചുപോകുന്നവരുണ്ട്. അക്കൂട്ടത്തിൽ പെട്ട് പോയി മുഹമ്മദ് റാവുത്തരും. ആന്തര മൗനത്തിന്റെ പ്രകാശം പുറത്തേക്കു പ്രതിഫലിച്ചെത്തുന്ന വാതിൽ കണ്ണുകളാണ്. അദ്ദേഹത്തിന്കണ്ണുകളിൽ തറഞ്ഞു നോക്കി ജീവികളുടെ പ്രതികരണം അറിയുന്ന വിദ്യയും വശമായിരുന്നു എന്നതും ഒരു കാരണമാകാം. എന്തായാലും വെടികൊണ്ടു ചത്തുമലച്ചു കിടന്ന അമ്മമുയലിന്റെ കണ്ണുകളിലെ മൗനവും നായാട്ടുവീരന്റെ ഉള്ളിലെ മൗനവും കൂട്ടിമുട്ടി അവിടെയൊരു മഹാമൗനം ഉറവെടുത്തു. അതിൽ കൊന്നതും ചത്തതും ഒരു സത്തയായി. അപ്പോൾ ചത്തത് വിറങ്ങലിച്ചതിനോടൊപ്പം കൊന്നതും മരവിച്ചുപോയി. ആ മരവിപ്പിൽ പത്തു കൊല്ലക്കാലത്തോളം പിന്നെയും ശരീരത്തിൽ കഴിഞ്ഞുകൂടിയതിനു ശേഷമാണ് അദ്ദേഹം പ്രപഞ്ചമൗനത്തോടൊപ്പം അലിഞ്ഞു ചേർന്നതെന്ന് കഥാകാരൻ പറയുന്നു. പ്രപഞ്ചമൗനത്തിൽ അറിയാതെ തറഞ്ഞു പോയാൽ പിന്നെ മനസ്സ് ഇളകുകയേയില്ല. കണ്ണുകളുടെ ആഴം പ്രപഞ്ചത്തോളം അനന്തമായിരിക്കും. അതുകൊണ്ടാണ് ആ നോട്ടമേറ്റാൽ പരലോകത്തിൽ നിന്ന് നോക്കുന്നത് പോലെ തോന്നും എന്ന് അദ്ദേഹത്തിന്റെ മകൾ അഥവാ കഥാകാരന്റെ അമ്മൂമ്മ പറഞ്ഞിരുന്നത്. പിന്നീട് മറ്റൊരാഘാതത്തിന്റെ തുടർച്ചയായി അദ്ദേഹത്തിന്റെ മകളും നീണ്ട 21 നാൾ മൗന ഗഹ്വരത്തിൽ അടച്ചിരുന്നെന്നും അങ്ങനെ പാരമ്പര്യമായി കിട്ടിയ മൗനത്തിലുറയിട്ടെടുത്ത് പാകപ്പെടുത്തിയെടുത്തതാണ് ഈ പാരമ്പര്യ കഥകളെന്നും കഥാകാരൻ പറയുന്നു. ഏതൊരാൾക്കും സ്വതസിദ്ധമായ മൗനപശ്ചാത്തലം ആധുനിക ജീവിത വെപ്രാളത്തിന്റെ തിക്കും തിരക്കും കോലാഹലങ്ങളും കാരണം പാടെ വിസ്മരിക്കപ്പെട്ടു പോയ ഇക്കാലത്ത് ഒരാൾക്ക് മൗനത്തെ അറിയാൻ ഇങ്ങനെ എന്തെങ്കിലും പാരമ്പര്യ ശേഷിപ്പുകൾ ആവശ്യമാണ്. എന്ന് മാത്രമല്ല, അതൊരു സൗ ഭാഗ്യം തന്നെയാണ്.

പതിനെട്ടാം ഭാഷയാണ് ശ്രദ്ധേയമായ മറ്റൊരു കഥ. ഇതിൽ ഭ്രാന്താവസ്ഥയുടെ സൗന്ദര്യം അനുഭവവേദ്യമാക്കിത്തരുന്നുണ്ട് കഥാകാരൻ.. പണ്ടുകാലത്തു ഓരോ നാട്ടിലും ഓരോ ഭ്രാന്തനോ മന്ദബുദ്ധിയോ ഉണ്ടായിരുന്നു. അവരൊക്കെ ആ സമൂഹത്തിന്റെ വേർപിരിക്കാനാകാത്ത ഭാഗമായിരുന്നു. വാസ്തവത്തിൽ അവരൊക്കെയും സാധാരണബുദ്ധികളുടെ കൂട്ടത്തിൽ മുന്തി നിൽക്കുന്ന സവിശേഷ വ്യക്തിത്വങ്ങളായിരുന്നു. കാരണം ഒരു ഭ്രാന്തന്റെ ചിന്താരീതിയുടെ ഏഴയലത്തു പോലും എത്തില്ല ചില അവസരങ്ങളിലെങ്കിലും ഒരു ശരാശരിബുദ്ധിക്കാരന്റെ ചിന്തകൾ. സാധാരണ ബുദ്ധികൾക്കു കാണാനാവാത്തതുപോലും കാണാൻ കഴിയുന്ന മനോനിലയുള്ളവരാണവർ. ഇന്ന് ആധുനിക ശാസ്ത്രത്തിന്റെ ഇടപെടലോടെ ഭ്രാന്തും ഉന്മാദവും ഒക്കെ മാനസികമായ അനാരോഗ്യമാണെന്നു വിധിച്ച് ചികിൽസിച്ച് എല്ലാവരെയും ശരാശരിബുദ്ധിക്കാരായി തരം താഴ്ത്തിക്കളഞ്ഞിരിക്കുന്നു.
പെരിയത്തായുടെ ഭ്രാന്തിനു ഒരു താളമുണ്ട്, ചന്ദ്രന്റെ വളർച്ചയുമായും തളർച്ചയുമായും ബന്ധപ്പെട്ട ഒരു ലോലതാളം. താളം മുറുകി വരുമ്പോൾ വെളിപാട് പോലെ സംസാരിക്കും. അതിനു ഗൂഢാർത്ഥങ്ങളുണ്ടാവും . അങ്ങനെ ഒരു വെളിപാട് പറച്ചിലിലൂടെയാണ് റാവുത്തർ സമൂഹത്തിലെ ബുദ്ധിമാനായ ഒരു പഴമക്കാരൻ വൈദ്യൻ റാവുത്തർ അഥവാ എ. എം. അമീൻപിള്ള റാവുത്തർ കണ്ടുപിടിച്ച മലയാന്റീസ് ഭാഷയെക്കുറിച്ചും അതിന്റെ തെളിവായി പിന്നീട് കണ്ടെത്തിയ 1911 ൽ പ്രസിദ്ധീകരിച്ച ഒരു പുസ്തകത്തെപ്പറ്റിയുമുള്ള അറിവ് പുറത്തുവരുന്നത്.
അതിബ്രിഹത്തായ ദൗത്യങ്ങളേറ്റെടുത്ത അൽപായുസ്സുകൾക്ക് പൂർത്തിയാക്കാൻ പറ്റാത്ത കാര്യങ്ങളെ ദൃശ്യ ലോകത്തിനു വെളിപ്പെടുത്താൻ ആ ഊർജരൂപങ്ങൾ തെരഞ്ഞെടുക്കുന്നത് വർത്തമാനകാലത്തെ ഭ്രാന്തന്മാരെയും ഉന്മാദികളെയുമാണ്. അവർക്കേ ആ ഊർജരൂപങ്ങളുമായി ബന്ധം സ്ഥാപിക്കാനാവശ്യമായ മനോനിലയുള്ളു എന്നാണു പതിനെട്ടാം ഭാഷ യിലൂടെ വെളിപ്പെടുന്നത്.

വാസ്തവത്തിൽ എഴുത്തുകാരും കവികളും കലാകാരന്മാരുമെല്ലാം ഒരു തലത്തിൽ ഭ്രാന്തുള്ളവരാണ്. കാരണം ഭ്രാന്താവസ്ഥക്കു തുല്യമായ അത്തരം ലോലമായ മാനസികാവസ്ഥയിലേക്ക് പോയാലേ അവർക്കു കാല്പനിക ലോകവുമായി ബന്ധം സ്ഥാപിക്കാനും അവിടത്തെ സംഗതികൾ ആവാഹിച്ചെടുക്കാനുമാവുകയുള്ളു. ആ തരംഗദൈർഘ്യം പിടിച്ചെടുത്താലേ കാമ്പുള്ള കഥകൾ ചമയ്ക്കാനാവുകയുള്ളു എന്നാണു പതിനെട്ടാം ഭാഷയെന്ന അനുഭവ കഥ തെളിവ് നൽകുന്നത് .

റാവുത്തർ സമൂഹത്തിലും മാടമ്പിമാരുണ്ടായിരുന്നു എന്ന് പ്രസ്താവിക്കുന്ന 'ആനറാഞ്ചിപ്പരുന്തും', നിഷ്കളങ്കജന്മങ്ങളുണ്ടായിരുന്നെന്നു രസകരമായി വാക്കുകൾ കൊണ്ട് വരച്ചു കാണിക്കുന്ന 'ആദ്യത്തെ മോട്ടോർവണ്ടിയും', കുതിരപ്പുറത്തു കയറാൻ അറച്ചും വിറച്ചും നിന്ന നവവരൻ ഉടുതുണി നഷ്ടപ്പെട്ട നാണക്കേട് മറയ്ക്കാൻ കുതിരപ്പുറത്തു ചാടിക്കയറി നവവധുവിനെയും കൊണ്ട് റോക്കറ്റു പോലെ പാഞ്ഞു പോകുന്നത് രസം ചോരാതെ പറഞ്ഞു വയ്ക്കുന്ന 'അശ്വമേധവും', രണ്ടു നൂറ്റാണ്ടു മുമ്പ് മുതയിൽ ദേശത്തേക്ക് ആദ്യമായി പലായനം ചെയ്തുവന്നു ഇന്നത്തെ നിലയിൽ റാവുത്തർ സമൂഹത്തിന്റെ വ്യാപനത്തിന് കാരണഭൂതരായ മുതുമുത്തച്ഛൻ 'ഞണ്ടൻ ചക്കര റാവുത്ത'രുടെ ധീരോദാത്ത ജീവിതകഥയും നല്ല കഥപറച്ചിലുകളാണ്.

വസൂരിക്കാലത്തെ ഓർമകളിലെ മോതീൻ പിച്ചയിലാണ് പിന്നെ മൗനം കനത്തു നിൽക്കുന്നതായി കാണപ്പെടുന്നത്. പക്ഷെ മുഹമ്മദ് റാവുത്തറിലോ മകളിലോ പൊതിഞ്ഞു നിന്ന വാക്കുകളില്ലാ മൗനമല്ല, ഉള്ളിൽ ചിന്തകളിളകുന്ന പുറം മൗനം മാത്രമാണത്. ഒരുതരം വാചാല മൗനം. എങ്കിലും സ്വന്തം വിധിയെ ഭീതി കൂടാതെ ഏറ്റുവാങ്ങുന്ന ഒരു ധൈര്യമുണ്ടതിന്. നാട്ടിലെല്ലാം വസൂരി പടർന്നു പിടിച്ചു പള്ളിക്കാമ്പൗണ്ടിൽ ഖബറുകൾ വസൂരിക്കുമിളകളെപ്പോലെ തെരു തെരെ മുളച്ചു വന്നു കൊണ്ടിരുന്നിട്ടും വസൂരിപ്പേടിയിൽ പള്ളിവിട്ടു പലായനം ചെയ്യാതെ നേരത്തോടു നേരം ബാങ്ക് വിളിച്ചും ഒറ്റയ്ക്ക് നമസ്കരിച്ചും അവിടെത്തന്നെ ചടഞ്ഞുകൂടിയ മോതീനിൽ നിസ്സംഗതയേക്കാൾ ദൈവ ത്തോടുള്ള വിശ്വസ്തതയിലൂന്നിയ ഒരാത്മവിശ്വാസവും സ്വന്തം വിധിയേതായാലും ഏറ്റുവാങ്ങാനുള്ള ഒരു സ്വീകാരഭാവവുമാണുള്ളതെന്നു തോന്നുന്നു. ഇവിടെയും രക്ഷിയ്ക്കാനായി ചെയ്യുന്ന മനുഷ്യപ്രയത്നങ്ങൾ ശിക്ഷയായി മാറുന്ന കാഴ്ചയാണ് നാം കാണുന്നത്. മോതീൻ സർവവും സമർപ്പിച്ചു കാത്തിരിക്കുകയാണ് വസൂരിയുടെ വരവും നോക്കി. പക്ഷെ മോതീൻ ഒന്ന് പേടിച്ചാൽ പള്ളി വിട്ടു വീട്ടിലേക്കു വരുമെന്ന പ്രതീക്ഷയോടെ മൂത്ത അക്കയുടെ മകൻ രാത്രി ഉറക്കത്തിനിടെ വന്നു പേടിപ്പിക്കുകയാണ്. പേടിച്ചതോടെ വസൂരി വന്നു, അപ്പോഴും മോതീൻ മരണം കാത്തു ക്ഷമയോടെ നിശബ്ദം കിടക്കുകയാണ്--ആത്യന്തിക മൗനത്തോടൊന്നു ചേരാൻ. ലളിത വർണനയിലൂടെ നല്ല ഒരന്തരീക്ഷം സൃഷ്ടിച്ചെടുത്തു കഥാകാരൻ.

എന്റെ വലിയുപ്പുപ്പാക്ക് ഒരു പടച്ചവൻ ഉണ്ടായിരുന്നു എന്ന പേരിൽ പേരുകേട്ട ഒരു കഥയുടെ പ്രതിഫലനം കാണുന്നുണ്ടെങ്കിലും അതും പൊന്മാൻ പാത്തു ഉൾപ്പെടെ 11 കഥകളിലും മൗലിക മായ ശൈലിയും ഒരുപാടെഴുതിയ ഒരാളുടെ ഒരു ഇരുത്തവും പാകതയും കാണാം. താൻ വലുതായൊന്നും ചെയ്തിട്ടില്ല ഒക്കെ അങ്ങനെ സംഭവിച്ചതാണ് എന്നാണു കഥാകാരനനുഭവപ്പെടുന്നതെങ്കിൽ, ഉറപ്പായും അയാൾ അനുഗൃഹീതനാണ്, തെരെഞ്ഞെടുക്കപ്പെട്ടയാളാണ്---- പ്രപഞ്ചത്താൽ, അ തിൽ നിറഞ്ഞു നിൽക്കുന്ന അദൃശ്യ സാന്നിധ്യങ്ങളാൽ. പക്ഷെ നമ്മൾ വായനക്കാരെ സംബന്ധിച്ചിടത്തോളം റി ജാo വൈ എന്ന റാവുത്തർ തന്നെ ഇതിന്റെ രചയിതാവ്. ആവർത്തിച്ചു വായിക്കാൻ പോന്ന ലഹരി നിറഞ്ഞ എഴുത്തിന് നമോവാകം.

Rating: 5 of 5 Stars! [5 of 5 Stars!]