reviewed by Jinish Date Added: Monday 27 Apr 2020

ദക്ഷിണ എന്ന സംസ്‌കൃത പദത്തിൽ നിന്നാണ് ദഖാൻ എന്ന പേരിന്റെ ഉദ്ഭവം . പിന്നീടാണ് അത് ഡെക്കാൻ എന്ന് നമ്മൾ വിളിക്കുന്ന പേരായി മാറിയത് . ഡെക്കാനെ കുറിച്ച് നമ്മൾ ഓർക്കുമ്പോൾ ആദ്യം കയറി വരുന്ന ഔരംഗസേബിൾ നിന്നും , ശിവാജിയിൽ നിന്നും മാറി ആ പ്രദേശത്തിന്റെ ചരിത്രം മറ്റു പല ആളുകളിലെക്കും തിരിച്ചു വയ്ക്കുകയാണ് മനു എസ് പിള്ള തന്റെ റിബ്ബൽ സുൽത്താന്മാർ എന്ന പുസ്തകത്തിലൂടെ. പതിനാലാം നൂറ്റാണ്ടു മുതൽ പതിനേഴാം നൂറ്റാണ്ടു വരെയുള്ള ഡെക്കാന്റെ ചരിത്രം ഇതിൽ വിവരിക്കുന്നു. ഖിൽജി മുതൽ ശിവാജി വരെ.,ഡെക്കാനിലെ വിവിധ രാജ്യങ്ങളുടെ ഭരണാധികാരികളിലൂടെ നമ്മോടു ചരിത്രം പറയുകയാണ് ഈ പുസ്തകം . അങ്ങനെ നമ്മിൽ താല്പര്യമുണർത്തുന്ന തരത്തിലുള്ള എന്നാൽ ചരിത്രത്തിൽ നമ്മളാരും ഓർക്കാത്ത അല്ലെങ്കിൽ വേണ്ട വിധം രേഖപ്പെടുത്താത്ത ഒട്ടനവധിപേർ കടന്ന് പോകുന്നുണ്ടിതിൽ. അത്തരത്തിൽ ഒരാളാണ് മാലിക് അംബാർ. ഇന്ത്യയെ അറിയണമെങ്കിൽ ഡെക്കാനെ അറിഞ്ഞെ തീരൂ .അതിന്റെ എല്ലാ കഥകളും ഒരുമിച്ചു പറയുക എന്നത് ഭയമുണർത്തുന്ന സംഗതിയാണ് . ആ ദേശം അത്രയ്ക്കും സമൃദ്ധമാണ് . എങ്കിൽ കൂടിയും അതിന്റെ ചരിത്രം ഓർക്കപ്പെട്ടേ മതിയാകൂ .കാരണം ഇന്ത്യയുടെ രൂപപ്പെടലിന് സാക്ഷിയാണ് ഡെക്കാൻ എന്ന് പുസ്തകത്തിന്റെ ആമുഖത്തിൽ പ്രതിപാദിക്കുന്നുണ്ട് . ഡെക്കാണിന്റെ ഭൂതകാലം അതുവരെ നിർവചിച്ചിരുന്നത് അതിന്റെ ഹിന്ദു അധിപന്മാരും ,അവരുടെ മഹാ ക്ഷേത്രങ്ങളും ,തിളങ്ങുന്ന രത്നങ്ങളുമായിരുന്നു . എന്നാൽ 1565 ലെ തളിക്കോട്ട യുദ്ധത്തോടെ വിജയനഗരത്തിന്റെ പതനം സംഭവിക്കുന്നു.രാജാവായിരുന്ന രാമരായൻ കൊല്ലപ്പെടുകയും ചെയ്യുന്നു.അതിനെ കുറിച്ച് പുസ്തകത്തിൽ വിവരിക്കുന്നത് ഇപ്രകാരമാണ് . ഒരു പക്ഷെ ലോകചരിത്രത്തിലൊരിക്കലും ഇത്രയും ഉജ്വലമായ ഒരു നഗരത്തിനു മേൽ ഇത്രയും വിനാശം , ഇത്രയും പൊടുന്നനെയുള്ള വിനാശം വിതയ്ക്കപ്പെട്ടിട്ടുണ്ടാകില്ല .ഒരിക്കൽ എമ്പാടും സമ്പന്നരും,അധ്വാനികളുമുള്ള സമൃദ്ധിയുടെ സമ്പൂർണ്ണ നിറവിൽ കഴിഞ്ഞിരുന്ന ജനത , അടുത്ത നാൾ പിടിച്ചടക്കപ്പെട്ട് ,കൊള്ളയടിക്കപ്പെട്ട്വി,വരിക്കാനാവാത്ത വിധം മൃഗീയമായ കൂട്ടക്കൊലയുടെയും ,ഭീകരതയുടെയും ദൃശ്യങ്ങൾക്കിടെ തകർന്നടിഞ്ഞു പോയിരിക്കുന്നു . ചരിത്രകാരനായ റോബർട്ട് സെവെൽ തന്റെ പ്രസിദ്ധമായ A Forgotten Empire എന്ന പുസ്തകത്തിൽ ഇതിനെ കുറിച്ച് വ്യക്തമായി വിവരിക്കുന്നുണ്ട് . ലോകത്തിലെ അതിമനോഹരമായ ഒരു നഗരം പാറക്കഷണങ്ങളും കൽക്കൂനകളുമായി തകർന്നു കിടക്കുന്നു എന്ന് മനുവും ഈ പുസ്തകത്തിൽ പറഞ്ഞു വെക്കുന്നു . പൊതുശത്രുവിനെതിരെ ഒരുമിച്ചു നിൽക്കുന്നതിനുള്ള പ്രാപ്തിക്കുറവാണ് അവരുടെ സമൂഹത്തിന്റെ പതനത്തിലേക്ക് നയിച്ചത് . എന്നാൽ ഇന്നത്തേതിൽ നിന്നും വ്യത്യസ്തമായി വലിയ യുദ്ധങ്ങൾക്കും , കുടിപ്പകകൾക്കും കാരണമായത് മതവിശ്വാസങ്ങളേക്കാൾ രാഷ്ട്രീയം തന്നെയായിരുന്നു . പുസ്തകത്തിന്റെ അവസാന ഭാഗങ്ങളിലാണ് ശിവാജി പ്രത്യക്ഷപ്പെടുന്നത് . ശിവാജി-ഔരംഗസേബ്‌ യുദ്ധങ്ങളെക്കുറിച്ചു വലിയരീതിയിലുള്ള വിവരങ്ങളൊന്നുമില്ല.എങ്കിലും ശിവാജിയുടെ രാഷ്ട്രീയം എന്തായിരുന്നുവെന്ന് കൃത്യമായി ചൂണ്ടിക്കാണിക്കുന്നുണ്ട് .അത് ഇന്നത്തെ ഹിന്ദുത്വവാദികൾ വച്ച് പുലർത്തുന്ന ധാരണകളിൽ നിന്നും തുലോം വ്യത്യസ്തമാണ് .ഡെക്കാൻ പ്രദേശത്തെ തന്റെ പരമാധികാര രാഷ്ടം സ്ഥാപിക്കുവാനുള്ള ശിവാജിയുടെ പ്രചോദനം പലസിദ്ധാന്തങ്ങൾക്കും രൂപം കൊടുത്തിരുന്നു . അവയിൽ ഏറ്റവും പ്രശസ്തമായത് മുഗൾ അധിനിവേശത്തൊടെതിർത്ത്‌ ഹൈന്ദവ ശക്തിയുടെ നായകനാകുന്ന രീതിയിൽ അദ്ദേഹത്തെ വീക്ഷിക്കുന്നതാണ് .ഡെക്കാൻ രാഷ്ട്രീയത്തിലെ ശക്തമായ ഘടകമായിതീരുവാനുള്ള അടക്കാനാവാത്ത ആവേശമായിരുന്നു സത്യത്തിൽ ശിവാജിയെ നയിച്ചത് . ഒപ്പം സാധാരണ മനുഷ്യരോടുള്ള യഥാർത്ഥ സഹാനുഭൂതിയും . ഈ പുസ്തകത്തിന്റെ ഒരു പ്രത്യേകത ഓരോ അധ്യായങ്ങൾക്കും മനു എസ് പിള്ള കൊടുത്തിരിക്കുന്ന റെഫെറെൻസുകൾ , അവ തയാറാക്കാൻ അദ്ദേഹം എത്രമാത്രം പണിപ്പെട്ടിരിക്കുന്നു എന്നതിന്റെ സൂചനയാണ് അത് പുസ്തകത്തിന്റെ ഗ്രന്ഥസൂചിക കാണൂമ്പോൾ നിങ്ങള്ക്ക് മനസിലാകും . ഏകദേശം എഴുപതോളം പേജുകളാണ് അതിനു വേണ്ടി മാത്രം മാറ്റിവച്ചിരിക്കുന്നത് . ചരിത്രം ഇഷ്ട്പെടുന്നവർക്കും ചരിത്രം പഠിക്കുന്നവർക്കും തീർച്ചയായും ഈ പുസ്തകം ഒരു മുതൽക്കൂട്ടാണ് . പുനർവായനക്ക് നിരവധി കുറിപ്പുകൾ ഈ പുസ്തകത്തിൽ കാണാം.

Rating: 4 of 5 Stars! [4 of 5 Stars!]