reviewed by null Date Added: Friday 28 Aug 2020

മെസപ്പൊട്ടേമിയ വായന: ജിഷ മനോജ് മോരിക്കര- - - - - - - - - - - - - - - - - - - - - - - - - - - - -ഇന്ന് സാഹിത്യം അന്തർമുഖത്വം വെടിഞ്ഞ് നവീകരണപ്രക്രിയയിലൂടെ സ്വയം പരിഷ്കരിക്കപ്പെട്ടുകൊണ്ടിരിക്കുന്നു. എഴുത്തുകാരൻ കഥാപാത്രങ്ങളിലേക്ക് പരകായപ്രവേശം ചെയ്യുകയും കൺവെൻഷണൽ സംഭാഷണങ്ങൾക്കു പകരം കഥാപാത്രങ്ങളുടെ ചിന്തകളും തോന്നലുകളും ഓർമകളും യാതൊരു ക്രമവുമില്ലാതെ ആന്തരിക ബോധത്തിൽ നിന്ന് പുറത്തേക്കൊഴുക്കുകയും ചെയ്യുന്നു. പരമ്പരാഗത നിർവചനങ്ങൾക്കതീതമായ വാക്യഘടനയോടെ രൂപപ്പെടുന്ന ആഖ്യാന ശൈലി 'ബോധധാരാ'സങ്കേതത്തോടടുത്തു നിൽക്കുന്നു. ഡൊറോത്തി എം. റിച്ചാഡ്സൺ സംഭാവന ചെയ്ത ഈയൊരു പരിഷ്കാരം വിർജീനിയ വൂൾഫ് ,ജയിംസ് ജോസ് എന്നിവർ പിന്തുടർന്നിരുന്നതു കാണാം. ഇങ്ങനെയുള്ള ആധുനികതയിലൂടെ കലാകാരൻ അല്ലെങ്കിൽ എഴുത്തുകാരൻ തങ്ങളുടെ പോരായ്മകളും പരിമിതികളും തിരിച്ചറിഞ്ഞു സമൂഹത്തിൽ നിലനിന്നിരുന്ന വ്യവസ്ഥാപിതമായ ആചാരങ്ങളെയും പാരമ്പര്യങ്ങളെയും അവഗണിച്ചുകൊണ്ട് മോഡേണിസത്തിന്റെ ഒരു പ്രധാന സവിശേഷതയായ 'അവന്റ് ഗാർഡ്' എന്ന പ്രതിഭാസത്തിലേക്ക് കടന്നിരിക്കുന്നു. വ്യവസ്ഥാപിതമായ സാമൂഹിക ക്രമത്തിൽ നിന്ന് സ്വയം ബഹിഷ്കൃതരായി തങ്ങളുടെ മേഖലയിൽ സ്വയം പരമാധികാരം പ്രഖ്യാപിച്ചുകൊണ്ട് പരമ്പരാഗതമായ വായനക്കാരെ ഞെട്ടിക്കുക, പ്രബലമായ ബൂർഷ്വാ വിഭാഗത്തിന്റെ ആദർശങ്ങളെയും നിയമ സാധ്യതകളെയും ഭക്തിമാർഗങ്ങളെയും വെല്ലുവിളിക്കുക  എന്നിവയായിരുന്നു ഇവരുടെ ലക്ഷ്യം.ഇവിടെ 'സലിം കുരിക്കളത്ത് 'എന്ന എഴുത്തുകാരൻ "മെസപ്പൊട്ടേമിയ" എന്ന ചെറുകഥാ സമാഹാരത്തിലൂടെ സമൂഹം കല്പിച്ചിരിക്കുന്ന അടിസ്ഥാനപരമായ മാമൂലുകളിൽ നിന്ന് സ്വയം വ്യതിചലിച്ചു തന്റേതായൊരു ഭൂമിക അനാവൃതമാക്കുകയാണ് ചെയ്യുന്നത്.സ്ഥൂല ചിന്ത വെടിഞ്ഞ് സൂക്ഷ്മാംശത്തിലൂടെ വായനക്കാരെ തന്റെ കഥാപാത്രങ്ങളുമായി കണ്ണി ചേർക്കുന്ന രചനാ വൈഭവത്തിന്നുടമയായ ശിഹാബുദ്ദീൻ പൊയ്ത്തുംകടവിന്റെ അവതാരികയോടു കൂടിയ മെസപ്പൊട്ടേമിയ എന്ന ഈ കൃതി തികച്ചും മാനുഷിക പ്രശ്നങ്ങൾ ചർച്ച ചെയ്യുകയും അനുവാചക ഹൃദയത്തിലേക്കൊരു കൊളുത്തിട്ടു കൊണ്ട് പ്രശ്നപരിഹരണത്തിന് ശ്രമിക്കുകയും ചെയ്യുന്നു. പണ്ടുകാലത്തേ എല്ലാവരും നുണഞ്ഞു പോരുന്ന മധുരതരമായ കഥകളോടൊപ്പം ചേർത്തുവയ്ക്കാൻ പര്യാപ്തമായ ആഖ്യാന ശൈലിയിലൂടെയാണ് അദ്ദേഹത്തിന്റെ ഓരോ കഥയും രൂപപ്പെട്ടുവരുന്നത്.'ചൂട്ടുവെളിച്ച'ത്തിൽ വല്ല്യുമ്മായുടെ കഥകളിലൂടെ ആദു തന്റെ സ്വപ്നം മുഴുവൻ കഥകൾ കൊണ്ടു നിറച്ചു. അതുകൊണ്ടല്ലേ ഒരു അതീന്ദ്രീയ ശക്തി പോലെ കഥയാശാനായ വാസുവേട്ടന് എന്ത് സംഭവിച്ചുവെന്നത് അവന് തന്റെ സ്വപ്നത്തിലൂടെ മനസിലാക്കാൻ സാധിച്ചതും അത് വായനക്കാരുടെ കെട്ടിക്കിടക്കുന്ന ഉദ്വേഗത്തെ ശമിപ്പിച്ചതും !"കലാകാരനായ പോലീസുകാരൻ ചുവന്ന ചായക്കൂട്ടു കൊണ്ട് ശരീരം മുഴുവൻ ചിത്രം വരച്ചു ,തീർത്തുകളഞ്ഞ വാസുവേട്ടൻ " !ഇവിടെ കഥ പറയൽ എന്ന പ്രക്രിയ വല്ല്യുമ്മായിൽ നിന്നു തുടങ്ങി പഴയ സിനിമാക്കഥകൾ ഗൃഹാതുരതയോടെ ആദുവിനും കൂട്ടുകാർക്കും പറഞ്ഞുകൊടുക്കുന്ന വാസുവേട്ടനിൽവരെയെത്തി നിൽക്കുന്നു.ചിലപ്പോൾ ആയിരത്തൊന്ന് രാവിലെ ഷെഹറസാദിനെപ്പോലെ അയാൾ പോലീസുകാരെയും നൂറു നൂറു കഥകൾ പറഞ്ഞു രസിപ്പിച്ചിട്ടുണ്ടായിരിക്കമെന്ന് എഴുത്തുകാരൻ സന്ദേഹപ്പെടുന്നു.സ്വാഭാവികമായ കഥാപരിസരത്ത് സംഘർഷത്തിന്റെ സാധ്യതകൾക്കു വിത്തു വിതറി പുതിയ കഥ മെനഞ്ഞെടുക്കുന്ന തന്ത്രമാണ് 'കടൽ മുറ്റം' എന്ന കഥയിലുള്ളത്. കടലോളം സ്നേഹം കണ്ണിൽ നിറച്ചു തന്റെ ഭാര്യയും മോളുമടങ്ങിയ കുഞ്ഞുകുടുംബത്തെ കഥകളൂട്ടി വളർത്തുകയാണ് മരയ്ക്കാർ എന്ന കഥാപാത്രം. കൊലക്കുറ്റമാരോപിച്ച് ജയിൽ ശിക്ഷ അനുഭവിക്കുന്ന കാലം വായനയുടെ ,എഴുത്തിന്റെ ലഹരിയിലൂടെ തന്റെ പതിനാല് വർഷത്തെ ജയിൽ ജീവിതമാണ് നമുക്കു മുമ്പിൽ വയ്ക്കുന്നത്. മോശപ്പെട്ട ഒരു നിമിഷവും ഒരാളുടെയും ജീവിതത്തിലില്ല എന്ന സത്യം വെളിപ്പെടുത്താനും ഏതൊരവസ്ഥയായാലും ആത്മവിശ്വാസത്തോടു കൂടി അതിനെ നേരിട്ട് ,ഒരു നിമിഷം പോലും പാഴാക്കാതെ പ്രവർത്തിച്ചു കൊണ്ട് നല്ല നാളേയ്ക്കായി കാത്തിരിക്കാനാനുമാണ് ഈ കഥ നമ്മോട് പറയുന്നത്.തുകലിൽ നിർമിതമായ ചാട്ട കൊണ്ട് ബേബറസിന്റെ മേൽ പതിച്ച ഓരോ അടിയും  നിലവിളിയും ,ഓരോ സംസ്കൃതിയായി പരിണമിച്ച , മെസപ്പൊട്ടേമിയയിലെ കഥയുറങ്ങിക്കിടക്കുന്ന  ലൈബ്രറി പരിസരം!വീൽ ചെയറിലിരുന്നു കൊണ്ട് നാലു ലക്ഷത്തിലധികം പുസ്തകങ്ങളുറങ്ങുന്ന ലൈബ്രറിയുടെ അമരക്കാരിയായി ഇനിയുമൊരു ടൈഗ്രിസ് നദി കറുത്തൊഴുക്കാതിരിനായി സൈനബ് അവിടെയുള്ള പുസ്തകങ്ങൾ മാറോടടുക്കിപ്പിടിക്കുന്നു.ഇറാഖി അധിനിവേശ സേന ബസ്റയിലെത്തി അറിവുകളുടെ അക്ഷയ ഖനി സൈനിക കേന്ദ്രമാക്കിത്തീർത്തപ്പോൾ പുസ്തകങ്ങൾ വീട്ടിലേക്കു മാറ്റി സംരക്ഷിക്കുകയല്ലാതെ സൈനബിന് മറ്റു മാർഗങ്ങളൊന്നുമില്ലായിരുന്നു.അക്ഷരങ്ങളാൽ കോർത്തെടുത്ത ജീവിതത്തിന്റെ കൊളുത്തുകളഴിഞ്ഞു പോയിട്ടും മുത്തുകളൊന്നും ഊർന്നു പോകാതെ മുറുകെപ്പിടിച്ച് അവൾ പ്രതീക്ഷയോടെ കാത്തിരിക്കുകയാണ് 'മെസപ്പൊട്ടേമിയ' എന്ന കഥയിൽ! അവതാരികയിൽ സൂചിപ്പിച്ചതുപോലെ ധിഷണാപരമായ വ്യായാമെന്നതിലുപരി വായനക്കാർക്ക് ഹൃദയത്തോട് ചേർത്തു വയ്ക്കാൻ പറ്റിയ കഥയാണ് മെസപ്പൊട്ടേമിയ .ചരിത്ര പശ്ചാത്തലത്തെ കഥയെന്ന വ്യവഹാരത്തിലേക്ക് പരിണാമപ്പെടുത്തിയെടുത്തതാണ് 'ഒലീവ് കായ'യെന്ന കഥ !"സ്നേഹിതരേ കഠാരയുടെ അധികാരത്തിനു വഴങ്ങാത്ത മുറിവാണു ഞാൻ. " നിസാർ ഗബ്ബാനിയുടെ വരികൾ വാൾസ്ടീറ്റ് പ്രക്ഷോഭത്തിന്റെ തീവ്രത പ്രകടമാക്കുന്നു. ഉത്തരാഫ്രിക്കയിലെ അറബ് രാജ്യമായ ലിബിയയെ നാലു പതിറ്റാണ്ട് അടക്കിഭരിച്ച കേണൽ മുഅമ്മർ ഗദ്ദാഫി കൊല്ലപ്പെടുന്ന വാർത്ത ഏറെ ആവേശത്തോടെയാണ് ജനങ്ങൾ ശ്രവിക്കുന്നത്. മനസ്സിനിണങ്ങാത്തവരോട് ഒരിക്കലും പൊരുത്തപ്പെടരുതെന്ന് സഅദ്നുവിന് നേരെയുളള പ്രതിഷേധത്തിലൂടെ ഹന തുറന്നടിക്കുന്നു. ഈ കഥയുടെ ആസ്വാദനതലത്തിലേക്ക് നമുക്ക് പെട്ടെന്നിറങ്ങിച്ചെല്ലാൻ കഴിയുന്നില്ലെങ്കിലും ഉത്തരാധുനികതയുടെ ചായക്കൂട്ടുകൾ ഈ കഥയിലെവിടെയൊക്കെയോ പോറൽ വീഴ്ത്തി ചിത്രപ്പെടുന്നുണ്ട്.ചരിത്രവും കഥയും കൂടിക്കലർന്ന് വായനക്കാരെ അല്പം പോലെ വിരസമാവാത്തിടത്തേക്ക് കൂട്ടിക്കൊണ്ടുപോവുകയെന്നത് ഒരു എഴുത്തുകാരന്റെ കൈയടക്കത്തെയാണ് സൂചിപ്പിക്കുന്നത്. വർത്തമാനകാല ഇന്ത്യാ ചരിത്രത്തിലെ കുപ്രസിദ്ധമായ ഒരേടാണ് ഗോസംരക്ഷണമെന്ന മുറവിളിയും അഖ്‌ലാക്കിന്റെ കൊലപാതകവും ! 'അഖ്ലാക്കിന്റെ മുഖം' എന്ന കഥയിൽ ഇങ്ങനെ ഒരാനുകാലിക സംഭവത്തെ കഥാതന്തുക്കളുമായിഴ ചേർത്ത് അനുവാചകരിൽ സംഘർഷാവസ്ഥയുടെ രംഗപടം തീർക്കുകയാണ് എഴുത്തുകാരൻ . 'അങ്ങാടി ജംഗ്ഷൻ', 'മി ടൂ' എന്നീ കഥകൾ മറ്റു കഥകളിൽ നിന്നും വളരെ വേറിട്ടു നിൽക്കുന്നു.സാധാരണക്കാരുടെ പ്രശ്നങ്ങൾ ചർച്ച ചെയ്ത് വളരെ സ്വാഭാവികമായി കഥ പറഞ്ഞുതീർക്കാതെ കഥാന്ത്യത്തെ ഒരു വിപരീതദിശയിൽ സഞ്ചരിപ്പിക്കുന്നു. ലൈംഗികാതിക്രമം കൂടി വരുന്ന ഇന്നത്തെ കാലത്ത് ഒരു തുറന്നു പറച്ചിലിന് കളമൊരുക്കുന്ന 'Me too' ക്യാമ്പയിൻ!അതിലെ സത്യവും മിഥ്യയും ഒരേ പ്ലാറ്റ്ഫോമിൽ പൊളിച്ചെഴുതപ്പെടുകയാണ്.'നഗരച്ചൂട്'എന്ന കഥയിൽ നൂറയും മീരയും തമ്മിലുള്ള അടുപ്പം ഒരു 'റെപ്രസന്റേഷൻ മെത്തേഡി'ലൂടെയാണ് പുരോഗമിക്കുന്നത്. ഇവിടെ ആഖ്യാതാവ് സംഭവങ്ങൾ ചൂണ്ടിക്കാട്ടുന്നു. കഥാപാത്രങ്ങളുടെ മനസിലുണരുന്ന ചിന്തകളും വികാരങ്ങളും എന്താണെന്ന് കണ്ടെത്തുന്ന കർത്തവ്യം വായനക്കാർക്ക് വിട്ടു കൊടുക്കുകയാണ് കഥാകാരൻ ചെയ്യുന്നത്.എനിക്കേറെ ഹൃദയത്തിൽ സ്പർശിച്ച ഒരു കഥയാണ് "സെയ്തു മുഹമ്മദ് ഗ്രന്ഥശാല " .അതിലെ സെയ്തു മുഹമ്മദ് നമ്മുടെ ഇടയിൽ ജീവിക്കുന്നതുപോലെ തോന്നി. ഒരു എഴുത്തുകാരന്റെ ധർമമെന്താണോ അതിലൂന്നി തന്റെ കഥാപാത്രത്തിലൂടെ പുളിച്ചു തികട്ടുന്ന സാമ്പ്രദായിക വ്യായാമങ്ങൾക്കെതിരെ ശക്തമായി പ്രതികരിക്കാൻ പരിപാകപ്പെടുത്തിയിരിക്കുകയാണ്  സെയ്തു എന്ന കഥാപാത്രത്തെ. മണ്ണിനെയും പുസ്തകങ്ങളെയും ഒരു പോലെ ഹൃദയത്തോടു ചേർത്തുവച്ച സെയ്തുവിന്റെ മരണം ഒരു നെരിപ്പോടായി അനുവാചകരിലെത്തുന്നു.പ്രശസ്തനായ സ്വീഡിഷ് കവി 'ഷെൽ എസ്പ്മാർക്ക് 'എഴുതിയ 'ഭാഷ മരിക്കുമ്പോൾ 'എന്ന കവിതയിൽ ഒരു ഭാഷ മരിക്കുമ്പോൾ മരിച്ചവർ ഒരുകുറി കൂടി മരിക്കുന്നു എന്ന വരികൾ ശ്രദ്ധേയമാണ്. ഭൂതകാലത്തിന്റെ ഓർമകൾ നാം കാത്തു സൂക്ഷിക്കുന്നതും പുനർജനിപ്പിക്കുന്നതും ചെയ്യുന്നത് വാക്കുകളിലൂടെയാണ്. ഭാഷ മരിച്ചാൽ നമുക്ക് മരിച്ചവരെക്കുറിച്ചോ സംഭവങ്ങളെക്കുറിച്ചോ ഉള്ള ഓർമകളെ കാത്തുസൂക്ഷിക്കാനാവാതെ വരും. ഇവിടെയാണ് സലിം കുരിക്കളകത്ത് കോറിയിട്ട എഴുത്തുകളുടെ പ്രസക്തി. നിരവധി ചരിത്ര പുരുഷന്മാരും ചരിത്ര സംഭവങ്ങളും ഇദ്ദേഹത്തിന്റെ എഴുത്തിലൂടെ പുനർജനിക്കുന്നു. സ്വത്വം കളയാതെ ഇന്നത്തെ എഴുത്തുകാരുടെ കൂടെ നിൽക്കാൻ പ്രാപ്തിയുള്ള ഒരെഴുത്തുകാരൻ തന്നെയാണ് ഇദ്ദേഹവും എന്ന് അക്ഷരങ്ങളിലൂടെ ബോധ്യപ്പെടുത്തുകയാണിവിടെ !എഴുത്തിലൂടെ ...വായനക്കാരിലൂടെ എഴുത്തുകാരൻ ഒത്തിരി ദൂരം സഞ്ചരിക്കട്ടെ !!

Rating: 5 of 5 Stars! [5 of 5 Stars!]