reviewed by Som Panicker Date Added: Monday 8 Jul 2013

അരീക്കര പോലെ ഒരു കുഗ്രാമത്തില്‍ കഷ്ടിച്ച് ഇടത്തരം എന്ന് പറയാവുന്ന
ഒരു കുടുംബത്തില്‍ ജനിച്ചു ഭാഗ്യവും വിധിയും കുറെ നല്ല ഗുരുക്കന്മാരുടെ
അനുഗ്രഹവും സുഹൃത്തുക്കളുടെ കരുണയും കൊണ്ട് ജീവിതത്തിന്റെ
ഗതി മാറിയ ഒരു അനുഭവമാണ് എനിക്ക് എപ്പോഴും പറയാനുള്ളത് .
യാത്രകളെയും യാത്ര വിവരണങ്ങളെയും ഞാ‌ന്‍ ഇത്രയധികം
ജീവിതത്തില്‍ ഇഷ്ടപ്പെടാ‌ന്‍ കാരണം എന്താണ് എന്ന്
പലപ്പോഴും ആലോചിച്ചിട്ടുണ്ട് .
ഒരുപക്ഷെ പട്ടാളക്കാരനായ അച്ഛ‌ന്‍ അവധിക്കു വരുമ്പോള്‍
പറയുന്ന കാര്യങ്ങള്‍ ചെറിയ മനസ്സില് പതിഞ്ഞതാകാം.ഇഷ്ടപ്പെട്ട
ദൈവങ്ങളുടെ അമ്പലങ്ങള്‍ കാണുക എന്നതല്ലാതെ അമ്മക്ക് ഒരു
യാത്രയോടും കമ്പം ഇല്ലാത്ത ഒരു സാധു സ്ത്രീ ആണ്.

അരീക്കരയിലെ ആകെയുണ്ടായിരുന്ന ഒരേ ഒരു വായനശാലയില്‍ നിന്നും
പുസ്തകങ്ങള്‍ എടുക്കാ‌ന്‍ കര്‍ശന നിയന്ത്രങ്ങള്‍ ഉണ്ടായിരുന്നു . യാത്ര
വിവരണങ്ങള്‍ മാത്രമാണ് വീട്ടിലേക്കു കൊണ്ടുവരാ‌ന്‍ അച്ഛനും അമ്മയും
അനുവദിച്ചിരുന്നത് . അതിനാല്‍ എസ് കെ പൊറ്റക്കാട് ആണ് എന്റെ
വായനയുടെ ഗുരുവും യാത്രയുടെ ഗുരുവും .

അമ്മയുടെ വാക്കുകള്‍ കടമെടുത്ത് പറഞ്ഞാല്‍ " അരീക്കരയില്‍ തേരാപ്പാരാ
തെണ്ടി നടന്ന ഒരു അഹങ്കാരിയായ അസത്ത് ചെറുക്ക‌ന്‍ " മാത്രമായിരുന്ന
ഞാ‌ന്‍ . വിധിയുടെ വിളയാട്ടം കൊണ്ടാണ് കുട്ടിക്കാലത്ത് വായിച്ച
യാത്രാവിവരണങ്ങളില്‍ കൂടി കേട്ട് ഭാവനയില്‍ മാത്രം കണ്ടിരുന്ന സ്ഥലങ്ങളില്‍
ഒട്ടു മിക്കതും നേരില്‍ കാണാ‌ന്‍ ഭാഗ്യം ഉണ്ടായത്.

നടത്തിയ യാത്രകളും കണ്ട ദേശങ്ങളും എല്ലാം എനിക്ക് വലിയ ആത്മവിശ്വാസം
തന്നിരുന്നു എങ്കിലും ചിലപ്പോഴെങ്കിലും അതിനു ഒരു അഹംഭാവ സ്വഭാവം
കൈവന്നിരുന്നു . അങ്ങിനെ അഹങ്കാരത്തിന്റെ വക്കില്‍ നിന്ന് തിരികെവരാ‌ന്‍
അമ്മ പറഞ്ഞ ആ പഴയ വാക്കുകള്‍ ഒരു തിരുത്തല്‍ ശക്തിയായി എന്നെ
പിന്നോട്ട് വലിച്ചു നിലത്തു തന്നെ നിര്‍ത്തും.

അങ്ങിനെ ഒരു യാത്രാവേളയില്‍ മലകളുടെയും അഗിനിപര്‍വതങ്ങളുടെയും നാടായ
ജപ്പാനില്‍ ഒന്നര മാസത്തോളം താമസിക്കാ‌ന്‍ ഭാഗ്യം ഉണ്ടായി . ടോക്കിയോവില്‍
നിന്നും അധികം ദൂരെയൊന്നും അല്ലാത്ത കാഷിവ എന്നൊരു ചെറു പട്ടണത്തില്‍
ആയിരുന്നു കൂടുതലും താമസം . ഹിറ്റാച്ചി കമ്പനിയുടെ കരുണയില്‍ ജപ്പാനിലെ
ഏറ്റവും ഉയരം കൂടിയ പര്‍വതം ആയ മൗണ്ട് ഫ്യൂജി കാണാ‌ന്‍ ഒരു യാത്ര
ഏര്‍പ്പാട് ചെയ്തു .
സമുദ്ര നിരപ്പില്‍ നിന്നും 3777 മീറ്റര്‍ ഉയരം ഉള്ള മുകള്‍ഭാഗം സദാ മഞ്ഞു
മൂടിക്കിടക്കുന്ന ഈ അഗ്നി പര്‍വതം ലോകത്തിലെ തന്നെ മനോഹരമായ
ഒരു കാഴ്ചയാണ് . ജപ്പാ‌ന്‍ കാര് ഏറ്റവും അഭിമാനത്തോടെയും ആരാധനയോടെയും
കാണുന്ന ഫ്യൂജി സാ‌ന്‍ എന്ന വിസ്മയം .

ആ വലിയ പര്‍വതത്തിന്റെ താഴ്വാരത്ത് തന്നെ ഹിറ്റാച്ചി കമ്പനി വക
മനോഹരമായ ഒരു ടൂറിസ്റ്റ് ബംഗ്ലാവ് ഇല്‍ ആയിരുന്നു ഞങ്ങളുടെ താമസം.
പ്രഭാതത്തില്‍ ഉണര്‍ന്നപ്പോള്‍ ഞങ്ങളുടെ ബംഗ്ലാവ് മുഴുവ‌ന്‍ തലേന്ന് പെയ്ത
മഞ്ഞു കൊണ്ട് മൂടി പഞ്ഞി കൊണ്ടുള്ള വലിയ ഒരു പുതപ്പു ആ പ്രദേശം മുഴുവ‌ന്‍
പുതപ്പിച്ചതുപോലെ അതിശയകരമായ ഒരു കാഴ്ച ആയിരുന്നു . ആ സീസണിലെ
ആദ്യത്തെ മഞ്ഞു വീഴ്ച .

ജീവിതത്തില്‍ ആദ്യമായി മഞ്ഞു മൂടിയ ഒരു വലിയ പര്‍വതം അത്രയും അടുത്ത്
കാണുന്ന വിസ്മയവും സന്തോഷവും കൊണ്ട് എനിക്ക് അത് വിവരിക്കാ‌ന്‍ വാക്കുകള്‍
കിട്ടാതെ തുരുതുരാ ഫോട്ടോ എടുക്കല്‍ മാത്രം നടത്തി പഞ്ഞി പോലെയുള്ള ആ
മഞ്ഞു വാരിക്കളിച്ചു തണുപ്പ് കഠിനം ആകുന്നതുവരെ പുറത്ത് ചിലവഴിച്ചു.

കണ്ട കാഴ്ച്ചയുടെ ആവേശത്തില്‍ പരസരം മറന്നു സന്തോഷിച്ച ഞങ്ങള്‍
തണുപ്പ്കൂടിയതോടെ ആ തടി കൊണ്ട് നിര്‍മിച്ച വീടിനുള്ളിലേക്ക് കടന്നു പ്രഭാത
ഭക്ഷണം കഴിക്കാ‌ന്‍ ഇരുന്നു .

ഹിറ്റാച്ചിയുടെ മുതിര്‍ന്ന എഞ്ചിനീയര്‍ ആയ ശ്രീ . നഗായൊ സാ‌ന്‍ ഞങ്ങളുടെ
സംഘത്തിലെ ഏക ഇന്ത്യക്കാരനായ എന്നോട് പെട്ടന്ന് ചോദിച്ചു . ഭാരതത്തില്‍
ധാരാളം യാത്രകള്‍ നടത്തിയ ഒരു പര്‍വതാരോഹണ വിദഗ്ധാ‌ന്‍ കൂടി
ആണ് അദേഹം.

" നിങ്ങള്‍ ഗംഗോത്രി യില്‍ പോയിട്ടുണ്ടോ ? " "
" ക്ഷമിക്കണം , ഇല്ല "
" നിങ്ങള്‍ കേദാര്‍നാഥ് കണ്ടിട്ടുണ്ടോ ? "
" ക്ഷമിക്കണം , ഇല്ല "
" നിങ്ങള്‍ ഹിമാലയം കണ്ടിട്ടുണ്ടോ ?
" ക്ഷമിക്കണം , ഇതുവരെ സാധിച്ചില്ല "
" എനിക്ക് അത്ഭുതം തോന്നുന്നു , നിങ്ങള്‍ ഒരു ഭാരതീയ‌ന്‍ ആണെന്ന്
എങ്ങിനെ പറയും !"

എന്റെ മനസ്സില്‍ ഉണ്ടായിരുന്ന അവസാനത്തെ അഹന്തയുടെ കണികയും
നഗായൊ സാ‌ന്‍ ചോദിച്ച ആ ചോദ്യത്തില്‍ അലിഞ്ഞു പോയി.അദ്ദേഹം
കുട്ടിക്കാലം മുതലേ ഹിമാലയത്തെ ആരാധനോയോടെ വായിച്ചും ധ്യാനിച്ചും
വളര്‍ന്ന ഒരു ബുദ്ധ മതക്കാര‌ന്‍ ആയിരുന്നു . ഹിമാലയത്തില്‍ മാസങ്ങളോളം
താമസിച്ചു , എല്ലാ പുണ്യസ്ഥലങ്ങളും പര്‍വതങ്ങളും ഏറ്റവും അടുത്തുവരെ
പോയി .

"സോം സാ‌ന്‍, ഞാ‌ന്‍ പറയുന്നു ലോകത്തിലെ ഏറ്റവും സുന്ദരം ഹിമാലയ കാഴ്ചകള്‍
ആണ് എന്ന് . നിങ്ങള്‍ ഒരു ഭാരതീയ‌ന്‍ ആണ് എന്ന് അഭിമാനത്തോടെ വീണ്ടും
പറയണമെങ്കില്‍ ഹിമാലയം കാണുക തന്നെ വേണം . അത് കണ്ടിട്ടേ മരിക്കാവൂ "

ഞാ‌ന്‍ ഇത്രയും പറഞ്ഞത് ഞാ‌ന്‍ അടുത്തിടെ വായിച്ച അതിമനോഹരമായ ഒരു
പുസ്തകത്തെ പറ്റി പറയാ‌ന്‍ ആണ്.ഹിമാലയ യാത്രകളെ പ്പറ്റി നിരവധി പുസ്തകങ്ങള്‍
ഞാ‌ന്‍ ഇതിനകം വായിച്ചിട്ടുണ്ട് . പക്ഷെ ഈ പുസ്തകം അത്ഭുതകരമായ ഒരു
വായനാനുഭവം ആണ് എനിക്ക് തന്നത് .

ശ്രീ . എം ജീ . രാധാകൃഷ്ണ‌ന്‍ എഴുതിയ " ഹിമാലയ രാഗങ്ങള്‍ " പകര്‍ന്ന അനുഭവം
എനിക്ക് വിവരിക്കാ‌ന്‍ വാക്കുകള്‍ ഇല്ല.ഇത്ര ഉന്നത നിലവാരം പുലര്‍ത്തുന്ന ഭാഷ
ഉപയോഗിക്കാ‌ന്‍ എനിക്ക് വശവുമില്ല.പക്ഷെ എനിക്കറിയാവുന്ന ലളിതമായ ഭാഷ
വെച്ച് ഞാ‌ന്‍ ഒരു കാര്യം പറയാം . ഞാ‌ന്‍ ഇതുവരെ വായിച്ചിട്ടുള്ളതില്‍ ഏറ്റവും
മികച്ച അഞ്ചു പുസ്തകങ്ങളില്‍ തീര്‍ച്ചയായും ഈ പുസ്തകത്തെ പെടുത്താം .

ഗ്രന്ഥകാര‌ന്‍ ആമുഖത്തില്‍ പറയുന്നതുപോലെ അദ്ദേഹം പലപ്പോഴായി നടത്തിയ
ഹരിദ്വാര്‍,ഋഷികേശ് , ഗുപ്ത കാശി , കേദാര്‍ നാഥ് , ബദരീനാഥ് , രുദ്ര പ്രയാഗ്,
ഗോമുഖ് ,തപോവനം യാത്രകളുടെ വിവരണം ആണ് ഈ പുസ്തകത്തിന്റെ ഉള്ളടക്കം.

അദ്ദേഹത്തിന്റെ ഭാഷാ നിപുണതയും ഭാരതീയ സംസ്കാരത്തെ പറ്റിയുള്ള അറിവും
ഭക്തിയും ഏറ്റവും ഉപരി വിനയവും എല്ലാം ഈ പുസ്തകത്തില്‍ ഉടനീളം
പ്രതിഫലിക്കുന്നു . ഡല്‍ഹിയില്‍ നിന്നും ഹരിദ്വാര്‍ വരെയും പിന്നെ
അതിദുഷ്കരമായ കേദാര്‍ നാഥ് ലേക്കും പിന്നെ ബദരീനാഥ് ലേക്കും ഒടുവില്‍
ഏറ്റവും ദുര്‍ഘടം നിറഞ്ഞ ഗംഗോത്രി യും കടന്നു ഗോമുഖും ഒടുവില്‍
തപോവനവും താണ്ടി തിരികെവരുന്ന ആ യാത്ര

ഞാ‌ന്‍ ഈ പുസ്തകം ആദ്യം ഒറ്റയിരുപ്പില്‍ വായിച്ചു തീര്‍ത്തു. ആ അനുഭവം
അത്ഭുതകരം ആയതിനാല്‍ പിന്നെ ഒന്നുകൂടി സാവധാനം വായിച്ചു .
ഇഷ്ടപ്പെട്ട സ്ഥലങ്ങളും വാചകങ്ങളും ഒക്കെ ഒരു മഞ്ഞ നിറമുള്ള
ഹൈ ലൈറ്റര്‍ പേന കൊണ്ട് തെളിച്ചു.അതുകൊണ്ടും തൃപ്തി വരാതെ
അനുയോജ്യമായ ചിത്രങ്ങള്‍ തിരഞ്ഞു ഒരു ആല്‍ബം തന്നെ ഉണ്ടാക്കി
ഓരോ അദ്ധ്യായത്തിനും അനുബന്ധമാക്കി. ആ ലിങ്ക് ഇവിടെ
ഏറ്റവും താഴെ കൊടുക്കുന്നു .

അദ്ദേഹത്തിന്റെ തന്നെ ചില വാക്കുകള്‍ ഇവിടെ ഞാ‌ന്‍ ഉദ്ധരിക്കട്ടെ

"പല തവണ യാത്ര ചെയ്തവര്‍ പറയുന്നുണ്ട് , ഈ പരീക്ഷണത്തെ
അതിജീവിക്കണമെന്ന്.ഇത് ഹിമാലയത്തിന്റെ രീതി ആണ് .
നിങ്ങളുടെ അഹന്തയെ ഇടിച്ചു പിഴിഞ്ഞ് ശുദ്ധി ചെയ്യുന്ന തന്ത്രം .
ഈശ്വര കാരുണ്യം കിട്ടാനുള്ള പെടാപ്പാടു ആണിത് . പിടിച്ചു
കയറാ‌ന്‍ ആരുടെയെങ്കിലും ഒരു കൈ വേണമെന്ന് തോന്നുന്നു.
അത് ദൈവത്തിന്റെ മാത്രം കൈതന്നെ വേണമെന്ന്
തോന്നിപ്പോവുന്നു ."

"ഒരു സാധാരണ ജന്മം ഈ തപോഭൂമിയില്‍ കടക്കുംപോലുള്ള പ്രയാസങ്ങള്‍
ആണിത്.പണവും പദവിയും ഒന്നും ഇവിടെ വിലപ്പോവില്ല . ഇതിനെ
നേരിടുമ്പോള്‍ അത് നിങ്ങളെ കഠിനമായി ചോദ്യം ചെയ്യുകയാണ് .
ജന്മത്തെ ഇവിടെ അളക്കുകയാണ് "

"പര്‍വതങ്ങളുടെ മഹാപ്രപഞ്ചത്തില്‍ ഇരുന്നുകൊണ്ട് സാധാരണക്കാരനായ ഞാ‌ന്‍
ചിന്തിച്ചത് ഞാ‌ന്‍ എന്റെ വാസ സ്ഥലങ്ങളില്‍ നിന്നും എത്രയോ അകലെ ,
ശിവ സന്നിധാനത്തിലാനെന്നാണ് "

"കാപട്യമില്ലാത്ത മഞ്ഞിന്റെ സ്നിഗ്ദ്ധതയും പവിത്രയുമുള്ള ഈ മനുഷ്യര്‍
നന്മയുടെ ചില അവസാനപാഠങ്ങള്‍ തന്നെയാണ്.ഋഷി ഭൂമിയുടെ
പ്രത്യേകത തന്നെയാണിത്"

"എന്റെ ജീവിതത്തില്‍ ഇത്രയും കടപ്പാടും ആനന്ദ നിര്‍ഭരത മറ്റൊരിക്കലും
തോന്നിയിട്ടില്ല . കടപ്പാടിന്റെ നമ്രത . സുഖവും സ്വസ്ഥതയും . ഇവിടെ
തങ്ങാതെ പോയിരുന്നെങ്കില്‍ ജന്മത്തിലൊരു നന്ദികേട്‌ ആകുമായിരുന്നു "

" ഇവിടെയെത്തുമ്പോള്‍ വ്യാസസ്മ്രുതികളാല്‍ അഭിഷിക്ത്മാകുന്നു മനസ്സ് .
ലോകം കണ്ട ഏറ്റവും വലിയ എഴുത്തുകാരനായ മുനി . ശിഷ്ടം കഥ എഴുതാ‌ന്‍
ഒരാള്‍ക്കും കഴിയാതെപോയ ഭാഗവത-മഹാഭാരത സൃഷ്ടി കര്‍ത്താവ്. ആയിരമോ
പതിനായിരമോ വര്‍ഷങ്ങള്‍ക്കപ്പുറത്തെ ഈ ഭൂമിപര്‍വ്വം എത്രമാത്രം
അഭൌമാമായിരിക്കാം ."

" ഇതിഹാസവിലാസമായ ഈ ഹിമഭൂമിയില്‍നിന്ന് നമുക്ക് ചില സന്ദേശങ്ങള്‍
വരുന്നുണ്ട് . അത് തിരിച്ചറിയാനുള്ള തപസ്സിനു സന്നദ്ധമാവാതെ നാം ചിലത്
കണ്ടിട്ട് മടങ്ങി പ്പോവുകയാണ് . കാഴ്ചകളുടെ മാത്രം അനുഭവങ്ങളുമായി .
അതുകൊണ്ട് ഉള്‍ക്കാഴ്ച ഇവിടെത്തന്നെയിരിക്കുന്നു "

" ആ നിമിഷത്തെ ലഹരിയുണ്ടല്ലോ , അത് പറഞ്ഞറിയിക്കാ‌ന്‍ പറ്റുന്നില്ല .
ഇപ്പോഴും അതോര്‍ക്കുമ്പോള്‍ കണ്ണുകള്‍ ഈറനണിയുന്നു. ഹിമാലയ‌ന്‍ യാത്രയുടെ
സവിശേഷമായ അനുഭൂതിമധുരിമ എന്ന് തന്നെ വിവക്ഷിക്കണം ഇതിനെ .
പോന്നമ്പലങ്ങളിലെ ഭൂതലങ്ങളിലെ സ്പര്‍ശിക്കുമ്പോള്‍ ഉണ്ടാവുന്ന ഭക്തി മധുരം "

" ഫോലോസോഫിക്കല്‍ മൂഡ്‌ എന്നൊക്കെ പറയാവുന്ന അവസ്ഥ . ഭാരതത്തിന്റെ
ഈ സാത്വിക ഭാവം അനുഭവിച്ചറിയണമെങ്കില്‍ ഇത് അനുഭവിക്കുക തന്നെ വേണം.
ഇതിഹാസങ്ങളും വേദങ്ങളും ഉപനിഷത്തുകളും മുനി ശ്രേഷ്ഠന്മാരും നമ്മുടെ
പാരമ്പര്യത്തില്‍ എങ്ങിനെ ഉണ്ടായി എന്നതിന്റെ ശരിയായ ഉത്തരം കൂടി
ആണ് ഈ പ്രകൃതി തരുന്നത് "



ജപ്പാ‌ന്‍കാര‌ന്‍ നഗായൊ സാ‌ന്‍ ലോകത്തില്‍ ഒരുപാട് സ്ഥലങ്ങള്‍ കണ്ടു എന്ന
എന്റെ അഹന്ത മുഴുവ‌ന്‍ ഒറ്റ ചോദ്യം കൊണ്ട് തകര്‍ത്തു എങ്കിലും ഇതുവരെയും
ഒരു ഹിമാലയ‌ന്‍ യാത്ര നടത്താ‌ന്‍ ഇനിയും ഭാഗ്യം ഉണ്ടായില്ല . അത് ഒരു
പാക്കേജ് ടൂര്‍ പോകുന്നപോലെ അല്ല എന്ന് എനിക്ക് നല്ല നിര്‍ബന്ധം
ഉള്ളതിനാല്‍ ഒരു ഉള്‍വിളി പോലെ ഒരു ദിവസം അതുണ്ടാവും എന്നുതന്നെ
ഞാ‌ന്‍ കരുതുന്നു . ഒരു ഹിമാലയ‌ന്‍ യാത്രക്ക് ഞാ‌ന്‍ ഈ ഗ്രന്ഥ രചയിതാവിനെ
എന്റെ മാനസഗുരുവായി സ്വീകരിച്ചു കഴിഞ്ഞു .

"ഹിമാലയരാഗങ്ങള്‍" വായിച്ച എന്റെ അനുഭവം വിവരിക്കാ‌ന്‍ പ്രയാസം തോന്നുന്നു.
ഈ പുസ്‌തകം വായിച്ച അനുഭവം എനിക്ക് വിവരിക്കാ‌ന്‍ പ്രയാസം തോന്നുമ്പോള്‍
ഈ യാത്ര നടത്തിയ ഗ്രന്ഥ കര്ത്താവിന്റെ അനുഭവം എന്തായിരിക്കും ?
.
ഓരോ മലയാളിയും ഒരു ഭാരതീയ‌ന്‍ ആണ് എന്ന് അഭിമാനത്തോടെ പറയാ‌ന്‍
ഈ പുസ്‌തകം ഒരു തവണ വായിച്ചിരിക്കണം .
ഒരുപാട് ഈശ്വരാനുഗ്രഹം കിട്ടിയ ഒരാള്‍ക്ക്‌ മാത്രമേ ഇത്തരം ഒരു പുസ്തകം
എഴുതുവാ‌ന്‍ സാധിക്കുകയുള്ളൂ എന്ന് ഞാ‌ന്‍ ഉറച്ചു വിശ്വസിക്കുന്നു .


എന്റെ മനസ്സു ഇപ്പോഴും തപോവനത്തില്‍ തന്നെയാണ്
പുസ്തം വായിച്ചു കഴിഞ്ഞു തപൊവനത്തില്‍ ഈ പുസ്തക രചയിതാവിനെ
യാത്രയാക്കി നോക്കി നില്ക്കുന്ന ആ അമ്മയെ ഞാ‌ന്‍ മനസ്സില്‍ സങ്കല്പിച്ചു
തൊഴുതു പ്രാര്‍ഥിച്ചു.

ഈശ്വര‌ന്‍ ഇനിയും അനുഗ്രഹിക്കട്ടെ !




ഈ ആല്‍ബം ശ്രീ . എം . ജീ . രാധാകൃഷ്ണ‌ന്‍ എഴുതിയ " ഹിമാലയ രാഗങ്ങള്‍ "
എന്ന പുസ്തകത്തിനു അനുബന്ധമായി ഞാ‌ന്‍ തയ്യാറാക്കിയതാണ് .
https://plus.google.com/photos/108710758690387407327/
albums/5897768128522895265

Rating: 5 of 5 Stars! [5 of 5 Stars!]