reviewed by null Date Added: Thursday 14 Aug 2025

\r\n\r\n\r\n\r\n" മീത്തൽ " വായിച്ചു. മികച്ച ലഘുനോവൽ. ആവിഷ്കാരത്തിൻ്റെ ഒതുക്കവും ലാളിത്യവും ഭാഷാശൈലിയും എല്ലാം ഹൃദ്യം. നാനാവിധ ചൂഷണങ്ങളിൽ വീർപ്പുമുട്ടി കഴിഞ്ഞുകൂടിയ മലബാർ മേഖലയിലെ കോളനി നിവാസികളുടെ അതിജീവനകഥ ഉള്ളിൽ തട്ടുംവിധം ഇതിൽ അവതരിപ്പിക്കുന്നു . കാലദേശങ്ങളുടെ സവിശേഷതകൾ സവിസ്തരം പ്രതിപാദിച്ച കൃതിയിലെ കഥാപാത്രങ്ങൾ ഈ പ്രദേശത്തെ മുതിർന്ന തലമുറക്കാർക്ക് സുപരിചിതർതന്നെ. \r\n\r\nസാമൂഹിക- രാഷ്ട്രീയ സംഭവവികാസങ്ങൾ പരാമർശിക്കുന്ന ഭാഗങ്ങളിൽ "അടിയന്തരാവസ്ഥ" എന്തെന്ന് അല്പംകൂടി വിശദമാക്കണമായിരുന്നു. അവതാരികയിലോ ആമുഖത്തിലോ സൂചനയും വേണ്ടത്ര ഉണ്ടായില്ല. പുസ്തകങ്ങൾക്ക് ആയുസ്സ് കൂടുതലാണല്ലോ. രാജ്യമാകെ സഹിക്കേണ്ടിവന്ന ആ ഭരണകൂടധിക്കാരം അല്പമാത്ര പരാമർശംകൊണ്ട് പുതിയ വായനക്കാരുടെ മനസ്സിൽ തെളിഞ്ഞുകിട്ടില്ല. 40 വയസ്സിൽ താഴെയുള്ളവരിൽ, സ്വതന്ത്രഇന്ത്യയിൽ അങ്ങനെ ഒരു അതിഭീകരാവസ്ഥ ഉണ്ടായിരുന്നു എന്ന് അറിയുന്നവർ ഇന്നുതന്നെ അധികമില്ല. ( രണ്ടാഴ്ചമുമ്പ് മാധ്യമങ്ങൾ മത്സരിച്ച് അനുസ്മരണപ്പതിപ്പുകൾ ഇറക്കിയിട്ടുപോലും)\r\n\r\n നാരായൻ്റെ "കൊച്ചരേത്തി " യിൽ ഇടുക്കി ഹൈറേഞ്ചിലെ ആദിവാസിജീവിതം പകർത്തിയതിന് തുല്യമായിട്ടുണ്ട്, വടക്കൻ മലയോരത്തെ അധ:സ്ഥിത ജനവിഭാഗങ്ങളുടെ പോയകാല ദൈന്യതയുടെ ആലേഖനം. നല്ല സഹവർത്തിത്വത്തിൻ്റെയും കൂട്ടായ മുന്നേറ്റത്തിൻ്റെയും സന്ദേശം പരത്തുന്ന രചനയാണ്. \r\n\r\nഗ്രന്ഥകാരൻ ജി. രവിയെയും ലോഗോസ് പബ്ലിഷേഴ്സിനെയും അഭിനന്ദിക്കുന്നു.\r\n-- കെ. വി. കുഞ്ഞിരാമൻ\r\nമുൻ സീനിയർ ന്യൂസ് എഡിറ്റർ\r\nദേശാഭിമാനി ദിനപ്പത്രം\r\n

Rating: 5 of 5 Stars! [5 of 5 Stars!]