reviewed by Jinish Date Added: Monday 27 Apr 2020

കേരളത്തിന്റെ ചരിത്രം മുഴുവനായും വേണ്ടവിധം എഴുതപ്പെട്ടിട്ടില്ല . എല്ലാവർക്കും താല്‍പര്യമുള്ള ഒരു വിഷയമാണിന്നും കേരളോല്പത്തിയും ,അതിന്റെ പിൽക്കാല ചരിത്രവും . കഷ്ടിച്ചു ഇരുന്നൂറു വര്ഷം മുൻപുള്ള ചരിത്രം മാത്രമേ നമുക്ക് നന്നായി അറിയുകയുള്ളൂ .അതിനു നമ്മൾ പല വൈദേശിക എഴുത്തുകാരോടും സഞ്ചാരികളോടും കടപ്പെട്ടിരിക്കുന്നു. അതിൽ തന്നെ പലതിനും വിരുദ്ധാഭിപ്രായങ്ങളാണ്. ഉദാഹരണത്തിന് പഴശ്ശിയുടെ വീര മരണത്തിന് സംബന്ധിച്ചുള്ള വസ്തുതകൾ . രത്നം വിഴുങ്ങിയെന്നും, വാൾ സ്വന്തം വയറ്റിൽ കുത്തിയിറക്കിയെന്നും ,ബ്രിട്ടീഷുകാരുമായുള്ള ഒരു തുറന്ന യുദ്ധത്തിൽ മാരകമായി മുറിവേറ്റു മരിച്ചു എന്നൊക്കെയുള്ള നിരവധി പതിപ്പുകൾ ലഭ്യമാണ്. എങ്ങനെ മരിച്ചു എന്നതിന്റെ ഒരു ഏകദേശ വിവരണം കരുണാകരമേനോനും ഈസ്റ്റിന്ത്യാ കമ്പനിയും എന്ന പുസ്തകത്തിൽ ആധികാരികതയോടെ ഏറ്റവും വിശ്വസനീയമായ തെളിവുകളോടെ വിവരിക്കുന്നുണ്ട് . അതാകട്ടെ ഭൂരിപക്ഷം പേർക്കും അജ്ഞാതവുമാണ്. ഇരുന്നൂറു വർഷങ്ങൾക്കു മുൻപുള്ള സംഭവങ്ങളുടെ അവസ്ഥ ഇങ്ങനെയാണെങ്കിൽ അതിനും ഇരുന്നൂറു വർഷം മുൻപുള്ള ചരിത്രത്തിന്റെ ആധികാരിത എത്രമാത്രം രേഖപെടുത്തിയിട്ടുണ്ടെന്നും ,എത്രകണ്ട് വിശ്വസനീയവുമാണെന്നും ഊഹിക്കാവുന്നതേയുള്ളു .കേരളചരിത്രത്തിന്റെ ഏറിയപങ്കും വാമൊഴികളായി പരക്കുന്നതോ, മിത്തുകളാൽ അലങ്കരിക്കപ്പെടുന്നതോ ആണ് . ഒരുപക്ഷെ ഭാവിയിൽ അത്തരം ചരിത്രാവശേഷിപ്പുകളുടെ നിധികുംഭങ്ങൾ നമുക്ക് മുന്നിൽ വെളിപ്പെടുമെന്നു പ്രത്യാശിക്കയെ ഇപ്പോൾ നിർവ്വാഹമുള്ളൂ.ചരിത്രത്തിൽ അത്തരത്തിൽ വേണ്ടവിധം രേഖപ്പെടുത്താതെപോയിട്ടുള്ള, കുഞ്ഞാലി മരയ്ക്കാർ വംശത്തിന്റെ ചരിത്രവും , ആ പരമ്പരയിലെ അവസാന കണ്ണിയെന്ന് വിശ്വാസിക്കപ്പെടുന്ന , അറബികടലിലും ,കോറമണ്ഡലത്തിലും ,സിംഹള ദേശത്തും പേടി സ്വപ്നം വിതച്ച ഒരു മനുഷ്യന്റെ ,അലി മരയ്ക്കാരുടെ ജീവിതത്തേകുറിച്ചുമാണ് സ്പാനിയാഡ് -കുഞ്ഞാലി ചരിതം എന്ന ഹിസ്റ്റോറിക്കൽ ഫിക്ഷനിലൂടെ ജെയിംസ് സേവിയർ നമുക്ക് മുന്നിലെത്തുന്നത്. പോർച്ചുഗീസുകാരാൽ തടവിലക്കപ്പെട്ട ഹോളണ്ടുകാരനായ എഡ്വിൻ എന്ന തടവുപുള്ളിയെ ,തങ്ങൾ നടത്തിയ ഒരു കടൽകൊള്ളക്കിടയിൽ മോചിപ്പിക്കുകയും , അയാളുടെ നേരെചൊവ്വെയുള്ള തുറന്നു പറച്ചിലിൽ വിശ്വാസം തോന്നിയ ഡോം പെഡ്രോ റോഡിഗ്രിസ് തന്റെ പൂർവികരുടെ ചരിത്രവും, തന്റെ അതുവരെയുള്ള കാര്യങ്ങളും വിശദീകരിക്കുന്നതാണ് നോവലിന്റെ മുക്കാൽ പങ്കും. വേലയുധൻ പണിക്കശേരിയുടെ സഞ്ചാരികൾ കണ്ട കേരളം എന്ന പുസ്തകത്തിൽ നിന്നാണ് ഡോം പെഡ്രോ റോഡിഗ്രിസിനെ കുറിച്ച് അറിയുന്നതെന്ന് നോവലിസ്റ്റ് പറയുന്നുണ്ട്. ഫ്രാൻകോയസ് പൈറാർഡ് എന്ന ഫ്രഞ്ചുകാരന്റെ യാത്രാ വിവരണത്തിൽ കഥാ നായകനെ കണ്ടുമുട്ടിയതിനെ കുറിച്ചുള്ള വിവരണങ്ങൾ ഉണ്ട്. താൻ പരിചയപ്പെട്ടത് ഒരു സ്പാനിഷൂകാരനെന്ന് കരുതിയാണ് അയാൾ അവനെ സ്പാന്യാഡ് എന്നു വിശേഷിപ്പിച്ചത്. കുഞ്ഞാലി മരയ്ക്കാർ വംശത്തിന്റെ പൂർവികരെ കുറിച്ചും അവർ എവിടെ നിന്നു വന്നു എന്നുള്ളതിനെക്കുറിച്ചുമൊക്കെ ചരിതകാരന്മാര്ക്ക് ഭിന്നഭിപ്രായങ്ങളാണുള്ളത് . മരയ്ക്കാർ എന്ന വാക്കിന് പല അർഥങ്ങളുമുണ്ട്. അതിലൊന്ന് കപ്പിത്താൻ അല്ലെങ്കിൽ കപ്പലോട്ടക്കാരൻ എന്നാണ്. നോവലിൽ ഏഴാം അദ്ധ്യായം മുതലാണ് കുഞ്ഞാലിമാരുടെ ചരിത്രം ചിത്രത്തിൽ വരുന്നത്.ഈ പുസ്തകം വായിച്ചു കഴിഞ്ഞാൽ തീർച്ചയായും നമ്മൾ ഡോം പെഡ്രോയേകുറിച്ച് കൂടുതൽ തിരയാൻ ആരംഭിക്കുമെന്ന് തീർച്ചയാണ്. നിരഭാഗ്യമെന്ന് പറയട്ടെ അദ്ദേഹത്തെ കുറിച്ച് കൂടുതലായൊന്നും ലഭിച്ചില്ല. എങ്കിലും ലഭ്യമായ വിവരങ്ങൾ ഞാനിവിടെ പങ്കുവെക്കുന്നുണ്ട്. 1585 ൽ അധികാരമേറ്റ കുഞ്ഞാലി നാലാമനും പോർച്ചുഗീസുകാർക്കെതിരെ ശക്തമായ പ്രതിരോധം സൃഷടി ച്ചയാളായിരുന്നു .സാമൂതിരിയുടെ സിംഹാസനത്തിൽ കുഞ്ഞാലിക്കൊരു കണ്ണുണ്ടെന്ന് പോർച്ചുഗീസുകാർ സാമൂതിരിയെ വിശ്വാസിപ്പിച്ചു. അതിനു പ്രാദേശിക പിൻബലവും ഉണ്ടായിരുന്നു എന്നും അറിയുന്നു.അങ്ങനെ ഉപജാപക സംഘങ്ങളുടെ ഇടയിൽപ്പെട്ട് സാമൂതിരിയും കുഞ്ഞാലിയും തമ്മിലുള്ള ബന്ധത്തിൽ വിള്ളൽ വീണു. പിന്നീട് നടന്ന ആക്രമണങ്ങളിൽ കുഞ്ഞാലിക്ക് സാമൂതിരിയുടെ പടയോടും പോർച്ചുഗീസുകാരോടും ഏറ്റുമുട്ടേണ്ടിവന്നു. ആദ്യമൊക്കെ പിടിച്ചു നിൽക്കാൻ കുഞ്ഞാലിക്കും കൂട്ടർക്കും കഴിഞ്ഞെങ്കിലും ഒടുവിൽ സമൂതിരിയുമായുള്ള ഒരു സമാധാന ഉടമ്പടിപ്രകാരം കീഴടങ്ങേണ്ടി വന്നു. കീഴടങ്ങിയ കുഞ്ഞാലിയെ പോർച്ചുഗീസുകാർ ഗോവക്ക് കൊണ്ടുപോയി. ആന്ദ്രേ ഫുർടാർഡോ ആയിരുന്നു ആ സമയം പോർച്ചുഗീസുസേനയുടെ തലവൻ. കീഴടങ്ങാനുള്ള നിബന്ധനകൾ പാലിച്ചിട്ടും സമാധാന ഉടമ്പടിയിലെ ചട്ടങ്ങൾ ലംഘിച്ച് കുഞ്ഞാലിയെ അവർ വിചാരണ ചെയ്തു. സാമൂതിരിക്കു വെറും കാഴചക്കാരനായി നിൽക്കേണ്ടി വന്നു . വിചാരണയ്ക്ക് ശേഷം കുഞ്ഞാലിയെ ഫ്രെഞ്ച് ശൈലിയിലുള്ള ഒരു ഗില്ലാറ്റിൻ ഉപയോഗിച്ച് കഴുത്തറുത്ത് കൊല്ലുകയാണുണ്ടായത്. എന്നിട്ടും അരിശം തീരാതെ ആ ശരീരം നാലായി വെട്ടിമുറിച്ച് ഗോവയിലെ പല ഭാഗങ്ങളിലും കെട്ടിതൂക്കുകയുണ്ടായി. തല ഉപ്പിലിട്ട് കണ്ണൂരിൽ കൊണ്ട് വന്നു മുളവടിയിൽ നാട്ടി പൊതുദർശനത്തിന് വച്ചു. എതിർക്കുന്നവരുടെ അവസ്ഥ ഇങ്ങനെയൊക്കെയായിരിക്കും എന്ന മുന്നറിയിപ്പായിരുന്നു അത്.കുഞ്ഞാലിയെ കൂടാതെ നാല്പതോളം പേരെ പിടികൂടിയിരുന്നു. കൂട്ടാളി ചിന്നാലിയെ ക്രൂര പീഡനങ്ങൾക്ക് ശേഷം മതം മാറ്റി ക്രിസ്ത്യാനിയാക്കി, ബാർത്തലോമീവ് എന്ന പേര് നല്കി. മതം മാറിയാൽ മാപ്പ് നല്കുമെന്ന തങ്ങളുടെ പ്രതീക്ഷ അസ്ഥാനത്താക്കികൊണ്ടു ആ നാല്പതു പേരെയും വധിച്ചു കളഞ്ഞു. എന്തുകൊണ്ടോ എത്ര പീഡനങ്ങളേൽപ്പിച്ചിട്ടും കുഞ്ഞാലിയെ മതം മാറ്റാനവർക്ക് സാധിച്ചില്ല. ചരിത്രത്താളുകളിൽ കുഞ്ഞാലിച്ചരിത്രം ഇതോടെ അവസാനിക്കുകയാണ്. ഡോ പെഡ്രോയെ ആദ്യമായി രേഖപ്പെടുത്തുന്നത് ഫ്രാങ്കോയിസ് പൈറാർഡ് ഡി ലാവലാണ്. അക്കാര്യം ഈ ലേഖനത്തിന്റെ തുടക്കത്തില് സൂചിപ്പിച്ചിരുന്നുവല്ലോ. ഒരു ഫ്രഞ്ച് നാവികനായിരുന്നു അയാൾ. പൈറാർഡിനെ പോർച്ചുഗീസുകാർ പിടികൂടി കൊച്ചിയിൽ ജയിയിലിൽ ഇടുകയുണ്ടായി. പിന്നീട് ഗോവയിലെ ഒരു സിവിൽ ജയിയിലിലേക്ക് മാറ്റി. അവിടെ വച്ചാണ് ഡോം പെഡ്രോയെ പൈറാർഡ് കാണുന്നത്. അവിടെ നടത്തിയ ഒരു കൊലപാതകത്തിനു ശേഷം സ്പയിനിലേക്ക് കടന്നെന്നു പൈറാർഡ് തന്റെ പുസ്തകത്തിൽ എഴുതിയിട്ടുണ്ട് . ഡോം പെഡ്രോ ഒരു സ്പെയ്ൻകാരനായിരുന്നില്ല . മരിച്ച കുഞ്ഞാലി നാലാമന്റെ ഒരു ബന്ധുവാണെന്നാണ് പൈറാർഡ് പറയുന്നത്. ഡോം പെഡ്രോയെ കുറിച്ചുള്ള വിശദമായ ജീവചരിത്രാമൊന്നും ലഭ്യമല്ല. പൈറാർഡും അത്രകണ്ട് രേഖപ്പെടുത്തിയതായി കാണുന്നില്ല. 1581 ലെ ഒരു പോരാട്ടത്തിലാണ് കുഞ്ഞാലി നാലാമന്റെ ഈ ബന്ധുവിനെ ഡോൺ ഫൂർട്ടർഡോ എന്ന പോർച്ചുഗീസു തലവൻ പിടികൂടുന്നത്. അന്നവന് വെറും പതിമൂന്ന് വയസ്സു തികഞ്ഞിരുന്നില്ല എന്നു ഒരു ലേഖനത്തിൽ കാണുന്നുണ്ട്. ഗോവയിലെത്തിയ അവനെ അവർ മതം മാറ്റി ഡോം പെഡ്രോ റോഡിഗ്രിസ് എന്ന പേര് നല്കി . അവിടെവച്ചു തന്നെ ഒരു പോർച്ചുഗീസു അനാഥ പെൺകുട്ടിയെ വിവാഹം കഴിച്ചു. 1608 ൽ പൈറാർഡ് ലാവൽ സ്പാനിയാഡെന്നു കരുതി കണ്ടുമുട്ടിയ വ്യക്തി ഡോം പെഡ്രോ ആയിരുന്നു, 1600 ൽ ഗോവയിൽ വച്ച് തന്റെ ഉറ്റബന്ധുവായ കുഞ്ഞാലി മരയ്ക്കാറേ പോർച്ചുഗീസുകാർ കഴുത്തുവെട്ടി കൊലചെയ്യപ്പെടുന്നത് നേരിൽ കാണേണ്ടി വന്ന അതേ ടോം പെഡ്രോ.ഗോവയിൽ നിന്നും ഒരു ചെറുകപ്പൽ വഴി രക്ഷപ്പെട്ട് പൊന്നാനിയിലെ തന്റെ ബന്ധുക്കളുടെ അടുത്തേക്ക് ഡോം എത്തി. അവർ അവന് അലി മരയ്ക്കാർ എന്ന പുതിയ പേര് നൽകി . ഡോം പെഡ്രോ ഒരു കടൽ കൊള്ളക്കാരനായിട്ടാണ് അറിയപ്പെട്ടത്. അയാളുടെ കണ്ണിൽ പെടാതെ ഒരു പോർച്ചുഗീസ് കപ്പലും കടൽ കടന്നു പോയില്ല . അവരുടെ കപ്പലുകൾ അയാൾ തിരഞ്ഞു പിടിച്ചു കൊള്ളയടിച്ചു.ഡോം സിലോണിനടുത്തുള്ള താനഡിവാ ദ്വീപിലേക്ക്‌ പോയി.അക്കാലത്തു പോർച്ചുഗീസുകാർ സിലോണിലും ആധിപത്യം സ്ഥാപിക്കാൻ ശ്രമിക്കുന്നുണ്ടായിരുന്നു. 1505 മുതൽ അവരതിനുള്ള ശ്രമം തുടങ്ങിക്കഴിഞ്ഞിരുന്നു. ടോം പെഡ്രോ ഡിലാസ് മാക്സ് ,ടിസ്റ്റാവോ, ഗോലായോ ദ്വീപുകൾ കൈയ്യടിക്കിയിട്ടുണ്ടെന്നു ചരിത്രകാരന്മാർ രേഖപ്പെടുത്തിയിട്ടുണ്ട് .ലാസ് വാക്സ് ദ്വീപുകൾ ജാഫ്‌നയിൽ നിന്നും മാറി തെക്കു പടിഞ്ഞാറ് ഭാഗത്താണ്. പോർച്ചുഗീസുകാർ ഇതിനെ ദാസ്‌വാക്സ് എന്ന് പേരിട്ടു . ഡച്ചുകാർ വന്നപ്പോൾ വീണ്ടും അതിന്റെ പേരുമാറ്റി ഡെൽഫറ്റ് എന്നാക്കി മാറ്റി. 1619 ലെ അവസാന കൊള്ളക്കുശേഷം ശേഷം ഡോം പെട്രൊയ്ക്കു എന്ത് സംഭവിച്ചു എന്ന് വ്യക്തമല്ല .തന്റെ കൂട്ടാളികൾക്കൊപ്പം വമ്പിച്ച കൊള്ളമുതലുകളുമായി മാലദ്വീപിൽ സ്ഥിരതാമസമാക്കിയിട്ടുണ്ടാകാം എന്നാണ് വിശ്വസിക്കുന്നത്. ചരിത്രം ചിലപ്പോൾ അങ്ങനെയാണ് . ചിലരുടെ കാര്യത്തിൽ ആകാംക്ഷയും ഉദ്വേഗവും ബാക്കി വെച്ച് അപ്രത്യക്ഷമാകും ,വിട്ടുപോയ കണ്ണികൾ പൂരിപ്പിക്കേണ്ട ജോലി നമ്മളിൽ ഏല്പിച്ചുകൊണ്ട്..ഈസ്റ്റ് ഇൻഡീസ്, മാലിദ്വീപ്, മൊളൂക്കാസ്, ബ്രസീൽ എന്നിവിടങ്ങളിലേക്ക് ഫ്രാങ്കോയിസ് പൈറാർഡിന്റെ യാത്ര വിവരണങ്ങൾ 3 വോള്യങ്ങളായി ലഭ്യമാണെന്നാണ് അറിയാൻ കഴിഞ്ഞത്.https://www.whiteheronbooks.com/products/the-voyage-of-francois-pyrard-of-laval-to-the-east-indies-the-maldives-the-moluccas-and-brazil

Rating: 3 of 5 Stars! [3 of 5 Stars!]