reviewed by Jinish Date Added: Monday 27 Apr 2020

ഉദ്വേഗം നിറച്ച് റൂത്തിന്റെ ലോകംമലയാള സാഹിത്യത്തിൽ ക്രൈം ഫിക്ഷൻ വിഭാഗത്തിൽ പെട്ട സംഭാവനകൾക്ക് പൊതുവെ ഒരു തരം പഞ്ഞം പിടിച്ച ഒരു അവസ്ഥയാണുണ്ടായിരുന്നത് . എന്നാൽ അത്തരം ആശങ്കകളെ കാറ്റിൽ പറത്തിക്കൊണ്ട് ഒരു തരംഗം തന്നെ സൃഷ്ടിച്ചിരിക്കുകയാണ് ലാജോ ജോസ് എന്ന എഴുത്തുകാരൻ. കോട്ടയം പുഷ്പനാഥിനെ പോലുള്ള എഴുത്തുകാരെ മറന്നുകൊണ്ടുള്ള ഞാനിതു പറയുന്നത്. മലയാളത്തിലെ പ്രസിദ്ധ മ മാ പ്രസിദ്ധീകരണങ്ങളിൽ ജനപ്രിയ നോവലുകളുടെ ഇടയിൽ ബാറ്റൺ ബോസ് നെ പോലുള്ള എഴുത്തുകാരും വിളങ്ങി നിന്ന ഒരു കാലഘട്ടമുണ്ടായിന്നു നമുക്ക്. എന്നാൽ ഇടക്കെവിടെയോ ആ പ്രസ്ഥാനം കിതപ്പിൽ വീഴുകയാണുണ്ടായത്.ഉണ്ടായി വന്ന കഥകളാകട്ടെ പാശ്ചാത്യ കഥാസന്ദർഭങ്ങളെയും ,പശ്ചാത്തലവും അപ്പടി അനുകരിക്കുകയാണുണ്ടായത് . ഒരിക്കലും അത്തരം കുറ്റാന്വേഷണവും രീതികളും തനത് പ്രാദേശിക ചിട്ട വട്ടങ്ങളിലെക്കു പറിച്ചു നട്ടപ്പോളുണ്ടായ മുഴച്ചു കെട്ടലുകളിൽ അഭിരമിച്ചു നില്കുകയല്ലാതെ പുതിയ പന്ഥാവ് വെട്ടി തെളിയിക്കുന്നതിൽ പലപ്പോഴും പരാജയപ്പെട്ടു . എന്നാൽ മാധ്യമം ആഴ്ചപ്പതിപ്പിൽ ഈയിടെ പ്രസിദ്ധീകരിച്ച മിനി പി സിയുടെ ബ്ളാക്ക് ഫ്രൈഡേ പോലുള്ള ചെറു കഥകൾ മുൻരീതികളിൽ നിന്നും വ്യത്യസ്തത പുലർത്തുന്നതും കുറ്റാന്വേഷണ / ത്രില്ലർ വിഭാഗത്തിൽ മലയാളത്തിൽ നിരവധി പ്രതീക്ഷയും നൽകുന്നുണ്ടെന്ന് പറയാതെ വയ്യ.അത്തരം ക്രൈം ത്രില്ലർ വിഭാഗത്തിൽ പെടുന്ന ഒരു നോവൽ ആണ് ലാജോ ജോസിന്റെ റൂത്തിന്റെ ലോകം എന്ന പുസ്തകം. ഒരു സിനിമ കാണുന്ന സുഖത്തോടെ വായിച്ചു പോകാവുന്ന ഒരു നോവൽ . ഭാഷയിലെ കല്ലുകടി ഒരിടത്തും കാണാൻ കഴിയില്ല.പതിവ് ആഖ്യാന രീതികളിൽ നിന്നും വ്യത്യസ്തമായി കഥപറച്ചിൽ കഥാപാത്രങ്ങൾ നേരിട്ട് വന്നു പറയുകയാണ് .എന്നാൽ അത് തുടർച്ചയായി കഥയുടെ ഗതിവിഗതികളെ ബാധിക്കാതെ മുന്നോട്ടു പോകുന്നു. ഒരു പക്ഷെ മലയാളത്തിൽ ഇങ്ങനെയൊരു ആഖ്യാന ശൈലി ആദ്യമായാണെന്ന് തോന്നുന്നു. ഓർഹൻ പാമുക്കിന്റെ ചുവപ്പാണെന്റെ പേര് എന്ന നോവലിലും ഇതേ പോലുള്ള ആഖ്യാന ശൈലിയാണ് സ്വീകരിച്ചു പോന്നിട്ടുള്ളത് . ഈ നോവലിൽ കേന്ദ്ര കഥാ പാത്രങ്ങളായ റൂത്തും അവരുടെ ഭർത്താവ് റൊണാൾഡ്‌ തോമസും ഒന്നിടവിട്ട് ആഖ്യാനങ്ങളെ അവതരിപ്പിക്കുന്ന രീതിയിലാണ് കഥ മുന്നോട്ടു കൊണ്ട് പോകുന്നത് .റെട്രോഗ്രേഡ് അംനീഷ്യ ബാധിച്ച റൂത്തും അവരെ പരിചരിക്കുന്ന ഭർത്താവും, അവരവരുടെ മാനസിക വ്യാപാരങ്ങളെ കഥയായി നമുക്ക് മുന്നിൽ എത്തുന്നു.ഓർമകൾക്കും മറവികൾക്കും ഇടയിൽ ജീവിതത്തിൽ പൊരുതി മുന്നോട്ടു പോകുന്നതിനിടയിൽ റൂത്ത് കാണുന്ന ഒരു വാർത്ത ക്യാറ്റ് ആൻഡ് മൗസ് കളിക്കുന്ന സത്യത്തിനും മിഥ്യയ്ക്കുമിടയിൽ യാഥ്യാർത്ഥത്തെ വെളിച്ചത്തുകൊണ്ടുവരുന്നതാണ് കഥ. കഥയുടെ ഒരു സ്ഥലമെത്തുമ്പോൾ യാഥാർഥ്യത്തിന്റെ പൊരുൾ എന്താണെന്നു മനസിലാക്കിത്തരാനുള്ള സൂചനകളൊക്കെ നമ്മുക്ക് കഥാകൃത്ത്‌ ഇട്ടു തരുന്നുണ്ട്.എന്നാൽ അതിന്റെ പിന്നിലുള്ള രഹസ്യത്തിലേക്കും അങ്ങനെ എത്തിച്ചേരാനുള്ള കാരണങ്ങളും ഒടിവിലെ വെളിവാകുന്നുള്ളു. ഒരുവേള കഥാന്ത്യം നമുക്കു ഊഹിക്കാനാകുമെങ്കിലും മേല്പറഞ്ഞ വസ്തുതകളിലേക്കു എത്തിച്ചേരുന്നതെങ്ങനെന്നു വളരെ മനോഹരമായി തന്നെ നോവലിസ്റ്റ് അവതരിപ്പിക്കുന്നു . ഇതൊരു ഉദ്വേഗജനകമായ നോവൽ വിഭാഗത്തിൽ പെടുന്നതുകൊണ്ടു കഥ സന്ദർഭങ്ങളെയും മറ്റുവിവരങ്ങളെയും കുറിച്ചു കൂടുതൽ വിവരിക്കാൻ വയ്യ . ബാക്കി നിങ്ങൾ തന്നെ വായിച്ചു നോക്കു .

Rating: 4 of 5 Stars! [4 of 5 Stars!]